National
വിമാനത്താവളം വഴി സ്വർണക്കടത്ത്; എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് സി ബി ഐ
ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്തിയതിന് കന്നഡ നടി രന്യ റാവുവിനെ അടുത്തിടെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ നടപടി.

ന്യൂഡൽഹി | വിവിധ വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്ക് സ്വർണം കടത്തുന്ന സംഘങ്ങൾക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഈ സംഘത്തിന്റെ പ്രവർത്തനം തടയാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസുമായി (ഡി.ആർ.ഐ) ഏജൻസി അടുത്ത് പ്രവർത്തിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്തിയതിന് കന്നഡ നടി രന്യ റാവുവിനെ അടുത്തിടെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ നടപടി. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി രണ്ട് സി.ബി.ഐ സംഘങ്ങളെ മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
രന്യ റാവുവിനെ മാർച്ച് 3-ന് ദുബായിൽ നിന്ന് എത്തിയപ്പോഴാണ് ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തത്. 14.8 കിലോഗ്രാം തൂക്കം വരുന്ന 17 സ്വർണ്ണക്കട്ടകൾ രാജ്യത്തേക്ക് കടത്താനാണ് അവർ ശ്രമിച്ചതെന്ന് അധികൃതർ ആരോപിക്കുന്നു. മാർച്ച് 4-ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇവരെ മാർച്ച് 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഓരോ ദിവസവും അരമണിക്കൂർ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ അവർക്ക് ഉറപ്പാക്കാനും കോടതി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.