Connect with us

Kerala

അനധികൃത ഖനന കേസില്‍ അഖിലേഷ് യാദവിന് സി ബി ഐ സമന്‍സ്

സാക്ഷിയായിട്ടാണ് അഖിലേഷ് യാദവിനെ സി ബി ഐ വിളിച്ചുവരുത്തുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ അനധികൃത ഖനന കേസില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് സി ബി ഐ സമന്‍സ് അയച്ചു. സാക്ഷിയായിട്ടാണ് അഖിലേഷ് യാദവിനെ സി ബി ഐ വിളിപ്പിച്ചത്. 2012 നും 2016 നുമിടയില്‍ യു പി യിലെ ഹമിര്‍പൂര്‍ ജില്ലയില്‍ നടന്ന അനധികൃത ഖനന കേസുമായി ബന്ധപ്പെട്ടാണ് സി ബി ഐ സമന്‍സ് അയച്ചിരുക്കുന്നത്.

വ്യാഴാഴ്ച ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സി ബി ഐ ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത ഖനനത്തിന് അനുമതി നല്‍കിയവരടക്കം പതിനൊന്ന് പേര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്ഥാന ദുരുപയോഗം ചെയ്തതായും ഇത് സംസ്ഥാനത്തിന് വലിയ നഷ്ടം ഉണ്ടാക്കിയതായും സി ബി ഐ വ്യക്തമാക്കി.

2016 ല്‍ അലഹബാദ് ഹൈക്കോടതിയാണ് ഹമിര്‍പൂരിലെ അനധികൃത ഖനന കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നത് അനുവദിക്കാനാകില്ലെന്നും കര്‍ശന നടപടി വേണമെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.