Connect with us

International

വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് മൂന്ന് ബന്ദികളെ റെഡ്‌ക്രോസിന് കൈമാറി

ഗസ്സ സിറ്റിയിലെ സറയ ചത്വരത്തില്‍ വെച്ചാണ് ബന്ദികളെ റെഡ് ക്രോസിന് കൈമാറിയത്.

Published

|

Last Updated

ടെല്‍അവീവ് |  ഗസ്സ വെടി നിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂന്നു ബന്ദികളായ മൂന്ന് വനിതകളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നീ യുവതികളെയാണ് ഞായറാഴ്ച വൈകീട്ട് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയത്.റെഡ് ക്രോസില്‍നിന്ന് ഇവരെ ഇസ്‌റാഈല്‍ സൈന്യം ഏറ്റുവാങ്ങുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് യുവതികളെ തെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനക്ക് എത്തിക്കും.

ഇസ്രായേല്‍-റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്‌സാണ്. നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ഇവരെക്കൂടാതെ ഡോറോന്‍ സ്‌റ്റൈന്‍ബ്രൈച്ചര്‍, എമിലി ദമാരി എന്നിവരെയാണ് ബന്ധികളാക്കിയിരുന്നത്. ബ്രിട്ടീഷ്-ഇസ്‌റാഈല്‍ പൗരത്വമുള്ള എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്

ഗസ്സ സിറ്റിയിലെ സറയ ചത്വരത്തില്‍ വെച്ചാണ് ബന്ദികളെ റെഡ് ക്രോസിന് കൈമാറിയത്. അതേസമയം, ടെല്‍അവീവിലെ ബന്ദി ചത്വരത്തില്‍ ഇസ്‌റാഈല്‍ ജനത ആഹ്ലാദ പ്രകടനം നടത്തുകയാണ്. ഗസ്സ അതിര്‍ത്തിക്കു സമീപം ഇസ്‌റാഈല്‍ സൈനിക കേന്ദ്രത്തില്‍ യുവതികളുടെ കുടുംബം മോചിപ്പിക്കപ്പെട്ടവരെ സ്വീകരിക്കാനായി കാത്തുനില്‍ക്കുകയാണ്

അതേ സമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതിന് പിന്നാലെ ഇസ്റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. വെടിനിര്‍ത്തല്‍ കരാറിനെ എതിര്‍ത്ത് ഒറ്റ്സ്മ യെഹൂദിത് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാരാണ് രാജിവെച്ചത്.

യുദ്ധം പുനരാരംഭിച്ചാല്‍ പാര്‍ട്ടി സര്‍ക്കാറിലേക്ക് തിരിച്ചെത്താന്‍ തയ്യാറാണെന്നും ബെന്‍ ഗ്വിര്‍ ജറുസലേമില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുരക്ഷാ വകുപ്പ് മന്ത്രിക്ക് പുറമെ പൈതൃക വകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസര്‍ലൗഫ് എന്നിവരാണ് രാജിവെച്ചര്‍. ബെഞ്ചമിന്‍ നെത്യന്യാഹുവിന് മന്ത്രിമാര്‍ രാജികത്ത് സമര്‍പ്പിച്ചു.

ഗസ്സയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ മന്ത്രിസഭ അംഗീകരിച്ചാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണ സഖ്യത്തില്‍ നിന്ന് തന്റെ പാര്‍ട്ടി പിന്മാറുമെന്ന് ബെന്‍ ഗ്വിര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രിസഭയില്‍ നിന്ന് പിന്മാറിയെങ്കിലും സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.

15 മാസം നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്ക് വിരാമമിട്ട് ഇന്ന് മുതലാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

 

Latest