International
വെടിനിർത്തൽ കരാർ: ഹമാസ് നാല് ഇസ്റാഈലി വനിതാ സൈനികരെ കൂടി വിട്ടയച്ചു
നാല് പേരും ആരോഗ്യവതികളാണെന്നും റെഡ് ക്രോസിന് കൈമാറുമ്പോൾ ചിരിച്ചുകൊണ്ട് ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു
ഗസ്സ സിറ്റി | വെടിനിർത്തൽ കരാർ അനുസരിച്ച് ഹമാസ് ബന്ദികളാക്കിയ നാല് ഇസ്റാഈലി വനിതാ സൈനികരെ കൂടി വിട്ടയച്ചു. 200 പാലസ്തീനിയൻ തടവുകാരെ ഇസ്രായേലിൽ നിന്ന് മോചിപ്പിക്കുന്നതിന് പകരമായാണ് നടപടി. കഴിഞ്ഞയാഴ്ച വെടിനിർത്തൽ കരാർ പ്രാബല്യത്തിതൽ വന്നതിന് ശേഷം രണ്ടാമത്തെ ബന്ദി കൈമാറ്റമാണിത്.
കരീന അരിയേവ്, ദാനിയേല ഗിൽബോവ്, നാമ ലെവിയ, ലിരി അൽബാഗ് എന്നീ നാല് സൈനിഗരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇവരെ റെഡ് കേ്രാസിന് കൈമാറി. നാല് പേരും ആരോഗ്യവതികളാണെന്നും റെഡ് ക്രോസിന് കൈമാറുമ്പോൾ ചിരിച്ചുകൊണ്ട് ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹമാസ് സമ്മാനിച്ച ബാഗുമായാണ് സൈനികർ അതിർത്തി കടന്നത്.
നാല് സൈനികരുടെ കൈമാറ്റത്തിന് പകരമായി ഇസ്റാഈൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരടക്കം 200 ഫലസ്തീനിയൻ തടവുകാരെ മോചിപ്പിക്കണം. ഞായറാഴ്ച മൂന്ന് ഇസ്റാഈലി ബന്ദികളെയും 90 ഫലസ്തീനിയൻ തടവുകാരെയും, മോചിപ്പിച്ചതായിരുന്നു ആദ്യത്തെ ബന്ദി കൈമാറ്റം.
കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും ഗസ്സയിൽ യുദ്ധം നിർത്തിവെക്കുന്നതാണ് ഇപ്പോൾ നടപ്പിലായ വെടിനിർത്തൽ കരാർ. കരാർ പ്രകാരം നിരവധി ഇസ്റാഈലി ബന്ദികളും നൂറുകണക്കിന് ഫലസ്തീനിയൻ തടവുകാരും മോചിപ്പിക്കപ്പെടും. കടുത്ത ദാരിദ്ര്യം നേരിടുന്ന പ്രദേശത്തേക്ക് മാനുഷിക സഹായം എത്തിക്കാനും ഇതുവഴി സാധിക്കും.