International
വെടിനിര്‍ത്തല്‍ കരാറിന് പുല്ലുവില; വെസ്റ്റ് ബേങ്കില്‍ ആക്രമണം തുടര്‍ന്ന് ഇസ്റാഈല്‍
സൈന്യം കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫലസ്തീന്‍ അധികൃതര്‍ പുറത്തുവിട്ടു.
വെസ്റ്റ് ബേങ്ക് | വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമ്പോഴും അധിനിവേശ വെസ്റ്റ് ബേങ്കില്‍ ആക്രമണം തുടര്‍ന്ന് ഇസ്റാഈല്‍. സൈന്യം കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫലസ്തീന്‍ അധികൃതര്‍ പുറത്തുവിട്ടു. ജെനിനിലെ അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ വന്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. ബോംബിട്ടതിനെ തുടര്‍ന്ന് കത്തിയ വീടുകളില്‍ നിന്ന് കടുത്ത പുകയുയരുന്നതും ഇസ്റാഈലി ബുള്‍ഡോസറുകള്‍ മറ്റൊരു കെട്ടിടം തകര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതിനിടെ, അധിനിവേശം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതി സംബന്ധിച്ച ഇസ്റാഈലി അധികൃതരുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളില്‍ യു എന്‍ മനുഷ്യാവകാശ ഓഫീസ് വക്താവ് തമീം അല്‍ ഖീതന്‍ ആശങ്ക പ്രകടിപ്പിച്ചു. അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്റാഈല്‍ നീക്കവും യുദ്ധക്കുറ്റമാണെന്ന് ഖീതന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, ലബനാനില്‍ നിന്ന് രണ്ട് മാസത്തിനുള്ളില്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുമെന്ന ഉടമ്പടിയില്‍ നിന്ന് ഇസ്റാഈല്‍ പിന്നാക്കം പോയി. 60 ദിവസത്തെ സമയപരിധി അവസാനിക്കുന്ന തിങ്കളാഴ്ചക്കകം സമ്പൂര്‍ണ സൈനിക പിന്മാറ്റം സാധ്യമല്ലെന്ന് ഇസ്റാഈല്‍ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയെ ഉദ്ധരിച്ച് ഇസ്റാഈല്‍ സൈനിക റേഡിയോ റിപോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ഉടമ്പടി പൂര്‍ണമായി നടപ്പാക്കാന്‍ ലബനാന്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്നാണ് ഇസ്റാഈല്‍ സേന ഇതിന് കാരണമായി പറയുന്നത്.
നവംബറിലെ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇസ്റാഈല്‍ തയ്യാറാകണമെന്ന് ഹിസ്ബുല്ല ഗ്രൂപ്പ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇസ്റാഈല്‍ ലബനാനില്‍ നിന്നും ഹിസ്ബുല്ല തെക്കന്‍ ലബനാനില്‍ നിന്നും തങ്ങളുടെ സേനയെ 60 ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്നാണ് ഉടമ്പടിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.