From the print
വെടിനിർത്തൽ: പ്രതീക്ഷാ മുനന്പിൽ വീണ്ടും ഗസ്സ
സ്ഥിരീകരിച്ച് ഇസ്റാഈൽ പ്രതിരോധ മന്ത്രി • ത്രിതല പദ്ധതിയുമായി ഹമാസ്
കൈറോ | മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഗസ്സയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും വഴിവെക്കുന്ന ഇസ്റാഈൽ- ഹമാസ് കരാർ യാഥാർഥ്യത്തിലേക്ക് അടുക്കുന്നതായി സൂചന. അന്തിമവും നിർണായകവുമായ ഘട്ടത്തിലാണ് ചർച്ചകളെന്ന് വിവിധ കക്ഷികളുമായി പരോക്ഷ ചർച്ചകളിൽ ഉൾപ്പെട്ട മുതിർന്ന ഫലസ്തീൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബി ബി സി റിപോർട്ട് ചെയ്തു.
ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സും കരാർ യാഥാർഥ്യമാകുകയാണെന്ന സൂചന നൽകി. ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്താൻ എല്ലാ കക്ഷികളുമായും സംസാരിച്ച് മധ്യസ്ഥരായ ഈജിപ്തും ഖത്വറും വിപുലമായ ശ്രമങ്ങൾ നടത്തുകയാണെന്ന് ഈജിപ്തിന്റെ ഔദ്യോഗിക മാധ്യമ വിഭാഗമായ അൽ- ഖഹെറ ന്യൂസ് റിപോർട്ട് ചെയ്തു.
യു എസും ഖത്വറും ഈജിപ്തും കഴിഞ്ഞ ആഴ്ചയാണ് മധ്യസ്ഥ ശ്രമങ്ങൾ പുനരാരംഭിച്ചത്. 14 മാസത്തെ സംഘർഷവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാനുള്ള കരാറിന് ഇരുപക്ഷവും കൂടുതൽ സന്നദ്ധത അറിയിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇസ്റാഈൽ പ്രതിനിധി സംഘം ഇപ്പോഴും ഖത്വർ തലസ്ഥാനമായ ദോഹയിൽ തുടരുന്നുണ്ട്.
ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ സാധാരണക്കാരെയും വനിതാ സൈനികരെയും ആദ്യ 45 ദിവസത്തിനുള്ളിൽ മോചിപ്പിക്കുകയും പകരമായി നഗര കേന്ദ്രങ്ങൾ, തീരദേശ റോഡ്, ഈജിപ്തുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാന മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് ഇസ്റാഈൽ സൈന്യം മൂന്ന് ഘട്ടമായി പിന്മാറുകയും ചെയ്യുന്ന പദ്ധതിയാണ് ഫലസ്തീൻ സംഘം മുന്നോട്ടുവെക്കുന്നത്.
ഇത് പ്രകാരം, കുടിയൊഴിപ്പിക്കപ്പെട്ട ഗസ്സക്കാർക്ക് പ്രദേശത്തിന്റെ വടക്കോട്ട് മടങ്ങാൻ സംവിധാനമുണ്ടാകും. രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും മൂന്നാം ഘട്ടത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായുള്ള സൈന്യത്തെ പിൻവലിക്കുകയും ചെയ്യും. നിർദേശങ്ങൾ അംഗീകരിക്കുകയാണെങ്കിൽ കരാർ യാഥാഥ്യമാകുമെന്ന് ഹമാസ് വ്യക്തമാക്കി.
കഴിഞ്ഞ മെയ് 31 ന് യു എസ് പ്രസിഡന്റ്ജോ ബൈഡൻ രൂപപ്പെടുത്തിയ കരാറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോഴത്തെ പദ്ധതിയെന്നാണ് കരുതുന്നത്. ഹ്രസ്വകാല വെടിനിർത്തൽ നിർദേശം ഹമാസ് നിരസിച്ചതോടെയാണ് ഒക്‌ടോബർ മധ്യത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടത്.
അതിനിടെ, വിവിധ തലങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലോ സൈനിക നീക്കത്തിലൂടെയോ നൂറിലധികം ബന്ദികളെ ഇസ്റാഈൽ മോചിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന 96ൽ 62 പേരെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമെന്നാണ് ഇസ്റാഈൽ കരുതുന്നത്. ചർച്ചകളുടെ അടിസ്ഥാനത്തിൽ 240 ഫലസ്തീനികളെ ഇസ്റാഈലും മോചിപ്പിച്ചിരുന്നു.