From the print
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍; തിരക്കിട്ട നീക്കം
ചര്‍ച്ച അവസാനഘട്ടത്തിലെന്ന് ഖത്വര്‍. ഖത്വറിന് പുറമെ യു എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ച നടക്കുന്നത്.
ദോഹ | ഇസ്റാഈല്‍ അധിനിവേശം തുടരുന്ന ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനം അരികെയെന്ന് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്വര്‍. ആക്രമണം അവസാനിപ്പിക്കാനും ബന്ദിമോചനം സാധ്യമാക്കുന്നതിനുമായി മധ്യസ്ഥ സംഘത്തിന്റെ നേതൃത്വത്തില്‍ ആഴ്ചകളായി തുടരുന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അധികം വൈകാതെ കരാറില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്വര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്വറിന് പുറമെ യു എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ച നടക്കുന്നത്.
മധ്യസ്ഥ ദൗത്യങ്ങള്‍ക്ക് മുന്നിലെ പ്രധാന തടസ്സങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. എങ്കിലും കുറേ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ഇനിയും വരാനുണ്ട്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചും തീരുമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ ബഫര്‍സോണ്‍
കരാറിന്റെ ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കും. ആദ്യ ദിവസം തന്നെ മൂന്ന് ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതിന് പിന്നാലെ ഗസ്സയിലെ ജനവാസ മേഖലയില്‍ നിന്ന് ഇസ്റാഈല്‍ സൈന്യം പിന്മാറും. ഏഴ് ദിവസത്തിന് ശേഷം നാല് ബന്ദികളെ കൂടി ഹമാസ് മോചിപ്പിക്കും. അഭയാര്‍ഥികളായ ഫലസ്തീനികളെ ഗസ്സയിലെ തെക്കന്‍ മേഖലയില്‍ നിന്ന് വടക്കു ഭാഗത്തേക്ക് നീങ്ങാന്‍ ഇസ്റാഈല്‍ അനുവദിക്കും. എന്നാല്‍, തീരദേശ റോഡ് വഴി കാല്‍നടയായി മാത്രമേ തിരികെ പോകാന്‍ അനുവദിക്കൂവെന്നാണ് വിവരം. ഖത്വര്‍- ഈജിപ്ത് സാങ്കേതിക സുരക്ഷാ സംഘം നിയന്ത്രിക്കുന്ന റോഡിലൂടെ കാര്‍, മൃഗങ്ങള്‍ വലിക്കുന്ന വണ്ടികള്‍, ട്രക്കുകള്‍ എന്നിവ കടത്തിവിടും. കിഴക്കന്‍, വടക്കന്‍ അതിര്‍ത്തിയില്‍ എണ്ണൂറ് മീറ്റര്‍ ബഫര്‍സോണ്‍ നിലനിര്‍ത്തിയേക്കും. ആയിരം ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ഇസ്റാഈല്‍ തയ്യാറായേക്കും.
ഗസ്സയില്‍ തുടരുന്ന ആക്രമണം അവസാനിപ്പിക്കാനുള്ള കരാറിന്റെ അന്തിമ കരട് ഇസ്റാഈലിനും ഹമാസിനും മധ്യസ്ഥര്‍ നല്‍കിയിരുന്നു. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്, നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരുമായി ഖത്വര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി ചര്‍ച്ച നടത്തിയിരുന്നു.
ഇസ്റാഈല്‍ ചാരസംഘടനയായ മൊസ്സാദിന്റെയും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെയും മേധാവിമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. പന്ത് ഹമാസിന്റെ കോര്‍ട്ടിലാണെന്നാണ് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പ്രതികരിച്ചത്. ട്രംപ് സര്‍ക്കാറാകും വെടിനിര്‍ത്തലിന് ശേഷമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രാജി ഭീഷണി
ഗസ്സ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കുകയാണെങ്കില്‍ ബഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറില്‍ നിന്ന് രാജിവെക്കുമെന്ന് ഇസ്‌റാഈലിലെ തീവ്ര വലതുപക്ഷ നേതാവും പോലീസ് മന്ത്രിയുമായ ബെന്‍ ഗിവിര്‍ പറഞ്ഞു.