Connect with us

gaza attack

ഒരു ഭാഗത്ത് വെടിനിർത്തൽ ചർച്ച അന്തിമഘട്ടത്തിലേക്ക്; മറുഭാഗത്ത് കൊന്നൊടുക്കൽ തുടർന്ന് ഇസ്റാഈൽ

ബുധനാഴ്ച പുലർച്ചെ മുതൽ ഏകദേശം 50 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്റാഈൽ അധികൃതർ അറിയിച്ചു.

Published

|

Last Updated

ദോഹ | ഇസ്റാഈലും ഹമാസും തമ്മിലുള്ള ഗസ്സ വെടിനിർത്തൽ ഉടമ്പടിക്ക് ദോഹയിൽ അന്തിമ ശ്രമങ്ങൾ നടക്കുകയാണ്. എല്ലാ കക്ഷികളും ഉടമ്പടി ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ ഇതിനിടെ ഗസ്സയിൽ വ്യേമാക്രമണം ശക്തമാക്കുകയാണ് ഇസ്റാഈൽ സൈന്യം. ബുധനാഴ്ച പുലർച്ചെ മുതൽ ഏകദേശം 50 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്റാഈൽ അധികൃതർ അറിയിച്ചു.

ഖത്തർ, യുഎസ്, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ കരട് ഹമാസ് അംഗീകരിച്ചതായി പേര് വെളിപ്പെടുത്താത്ത ഇസ്റാഈലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബുധനാഴ്ച റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ഈ റിപ്പോർട്ടുകൾ ഉടൻ നിഷേധിച്ചു. ഹമാസിൽ നിന്നും ഉടനടി പ്രതികരണം ഉണ്ടായില്ല.

ചൊവ്വാഴ്ച രാത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഉടമ്പടിയുടെ “അരികിലാണെന്നും” “ഹമാസിന്റെ അന്തിമ വാക്കിനായി” കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. ഗസ്സയിലെ പ്രദേശങ്ങളിൽ നിന്ന് സൈന്യം എങ്ങനെ പിൻവാങ്ങുമെന്നതിന്റെ രൂപരേഖ ഇസ്റാഈൽ ഇതുവരെ സമർപ്പിക്കാത്തതിനാൽ കരടിനോടുള്ള ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ലെന്ന് ഒരു മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ പിന്നീട് റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നിരുന്നാലും, രൂപരേഖയെ കുറിച്ചുള്ള ഹമാസിന്റെ വാദം ഇസ്റാഈൽ നിഷേധിച്ചതായി ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.

നിർദ്ദിഷ്ട മൂന്ന് ഘട്ട ഉടമ്പടി ആറ് ആഴ്ചത്തെ വെടിനിർത്തലോടെ ആരംഭിക്കും. ഉടമ്പടിയുടെ ആദ്യ ദിവസം ഹമാസ് മൂന്ന് ബന്ദികളെ മോചിപ്പിക്കും. അതിനുശേഷം ഇസ്റാഈൽ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തുടങ്ങും. തുടർന്നുള്ള ആഴ്ചകളിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കും. ഇസ്റാഈൽ കുടിയൊഴിപ്പിക്കപ്പെട്ട താമസക്കാരെ വടക്കൻ പ്രദേശങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കും. പിന്നീട് കൂടുതൽ ബന്ദികളെ മോചിപ്പിക്കുകയും ഇസ്റാഈൽ സൈന്യത്തെ പൂർണമായി പിൻവലിക്കുകയും ചെയ്യും. പിന്നിട് രണ്ടാഴ്ചക്ക് ശേഷം “സ്ഥിരമായ ശാന്തത” കൈവരിക്കുന്നതിന് രണ്ടാം ഘട്ട ചർച്ചകൾ ആരംഭിക്കും.

അതേസമയം, ഗസ്സയിൽ ആക്രമണത്തിൽ ഇസ്റാഈൽ ഒരു അയവും വരുത്തിയിട്ടില്ല. തീവ്രവാദികളെയും ആയുധ സംഭരണ കേന്ദ്രങ്ങളെയും ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങളെയും ടാങ്ക് വിരുദ്ധ ആക്രമണ സ്ഥാനങ്ങളെയും ഹമാസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങളെന്ന് ഇസ്റാഈൽ ആഭ്യന്തര സുരക്ഷാ ഏജൻസിയും സൈന്യവും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇസ്റാഈൽ വിമാനങ്ങൾ അൽ-ഫറാബി സ്കൂളിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയെന്നും ശേഷം ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തവെന്നും നിരവധി പേരെ രക്ഷപ്പെടുത്തിയെന്നും ഗസ്സയിലെ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു. ഗസ്സ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള യാർമൂക്ക് പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളാണ് താമസിച്ചിരുന്നത്.

സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് അനുസരിച്ച്, ഗസ്സ മുനമ്പിന്റെ മധ്യത്തിലുള്ള ഡീർ അൽ-ബലയിൽ രണ്ട് വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പിന്റെ മധ്യത്തിലുള്ള ബുറെയ്ജ് അഭയാർത്ഥി ക്യാമ്പിലെ ഒരു പാർപ്പിട വീടിന് നേരെ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ, നുസൈറത്ത് ക്യാമ്പിലെ അൽ-അവ്ദ ഹോസ്പിറ്റൽ ഒരു പത്രക്കുറിപ്പിൽ ക്യാമ്പിലെ ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു.

ബന്ദി മോചനത്തിനുള്ള വെടിനിർത്തൽ ഉടമ്പടിക്ക് അന്തിമ രൂപം നൽകുന്നതിനായി ഖത്തർ, ഈജിപ്ത്, അമേരിക്കൻ മധ്യസ്ഥർ ഇസ്റാഈൽ, ഹമാസ് ഉദ്യോഗസ്ഥരുമായി ദോഹയിൽ ചർച്ചകൾ നടത്തുന്നതിനിടെയാണ് വ്യോമാക്രമണങ്ങൾ നടന്നത്. 46,700-ൽ അധികം ഫലസ്തീനികളെ കൊലപ്പെടുത്തുകയും ഗസ്സയെ നശിപ്പിക്കുകയും ചെയ്ത 15 മാസത്തിലേറെ നീണ്ട ആക്രമണം അവസാനിപ്പിക്കാനും ഏകദേശം 100 ബന്ദികളുടെ മോചനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് നിർദ്ദിഷ്ട ഉടമ്പടി.


  -->  

Latest