Kerala
ശരികളുടെ ആഘോഷം; എസ് എസ് എഫ് ലഹരി വിരുദ്ധ സമരം രണ്ടാം ഘട്ടത്തിലേക്ക്
'Celebrating humanity, ശരികളുടെ ആഘോഷം' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് എസ് എസ് എഫ് രണ്ടാംഘട്ട ലഹരി വിരുദ്ധ സമരത്തിനിറങ്ങുന്നത്.

കോഴിക്കോട് | കേരളത്തില്‍ ലഹരി കൊലപാതകങ്ങളും ക്രിമിനല്‍ കുറ്റകൃത്യങ്ങളും കൂടുതല്‍ ചര്‍ച്ചകളിലേയ്ക്ക് വരികയും ജനകീയമായ ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ സജീവമാവുകയും ചെയ്ത സമയമാണിത്. 2025 ജനുവരി ആദ്യ വാരത്തില്‍ എസ് എസ് എഫ് പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിന്‍ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന ശീര്‍ഷകത്തില്‍ കേരളത്തിന്റെ സാമൂഹിക പരിസരങ്ങളില്‍ എസ് എസ് എഫ് നടത്തിയ ലഹരി വിരുദ്ധ കാമ്പയിന്‍ 75 ദിവസങ്ങള്‍ പിന്നിടുകയാണ്. പഞ്ചായത്ത് തലങ്ങളില്‍ നടന്ന ധര്‍ണകള്‍, എസ് പി ഓഫീസ് മാര്‍ച്ച്, ജനകീയ വിചാരസഭകള്‍, ലഹരിക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന് എം എല്‍ എ, എം പിമാര്‍ തുടങ്ങിയ ജനപ്രതിനിധികളുടെ പിന്തുണ തേടിക്കൊണ്ട് നിവേദനം സമര്‍പ്പിക്കല്‍ തുടങ്ങി ലഹരിക്കെതിരെയുള്ള ജന മുന്നേറ്റത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനങ്ങളും നല്‍കിക്കൊണ്ട് സമൂഹത്തിന്റെ വലിയ പിന്തുണ നേടുകയും ലഹരി ഒരു സാമൂഹിക പ്രശ്‌നമാണ് എന്ന ബോധ്യം നിര്‍മിക്കാനും സംഘടനയ്ക്കു കഴിഞ്ഞു. മാത്രമല്ല ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ സാമൂഹിക മുഖ്യധാരയില്‍ എസ് എസ് എഫ് ശ്രദ്ധേയമായ സാന്നിധ്യമാവുകയും ചെയ്തു.
‘Celebrating humanity, ശരികളുടെ ആഘോഷം’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് എസ് എസ് എഫ് രണ്ടാംഘട്ട ലഹരി വിരുദ്ധ സമരത്തിനിറങ്ങുന്നത്. പ്രതിചേര്‍ക്കപ്പെടുന്ന മിക്ക ലഹരി കേസുകളിലും പ്രധാന കണ്ണികള്‍ വലയിലാവുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്യുന്നില്ല എന്നതും പിടിക്കപ്പെടുന്ന പ്രതികള്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് എളുപ്പം പുറത്തെത്തുകയും ചെയ്യുന്നു എന്നതെല്ലാം ജാഗ്രതയോടെ കാണേണ്ടതിനെക്കുറിച്ച് കാമ്പയിന്റെ ഭാഗമായി തെരുവുകളില്‍ ചര്‍ച്ച ചെയ്യപ്പെടും. ലഹരിക്കെതിരെയുള്ള ജനമുന്നേറ്റത്തിന് ശക്തിപകരുന്നതിനു വേണ്ടി 30 ലക്ഷം കുടുംബങ്ങളെ നേരില്‍ കണ്ട് ബോധവത്ക്കരിക്കാന്‍ ഒരുങ്ങുകയാണ് എസ് എസ് എഫ്. ഇതോടൊപ്പം പരിശീലനം നല്‍കപ്പെട്ട മൂന്നു ലക്ഷം ആക്ടിവിസ്റ്റുകളെ സമൂഹത്തിന് സമര്‍പ്പിക്കും.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, നിയമപാലകര്‍, മാധ്യമപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങി എല്ലാ മനുഷ്യരെയും സ്പര്‍ശിക്കുന്ന ഈ ലഹരി വിരുദ്ധ ജാഗ്രത ‘വോയിസ് ഓഫ് ഹോപ് ‘ എന്ന പേരിലാണ് സംവിധാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 700 കേന്ദ്രങ്ങളെ കുറിച്ച് വിശദമായി പഠിച്ച് പഠന റിപോര്‍ട്ട് തയ്യാറാക്കുന്ന പദ്ധതിയും ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടക്കുന്നു. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ നടക്കുന്ന സ്ട്രീറ്റ് പള്‍സ്, സ്ട്രീറ്റ് പാര്‍ലിമെന്റ്, വിദ്യാര്‍ഥി സമ്മേളനങ്ങള്‍ തുടങ്ങിയവയും ലഹരി വിരുദ്ധ സമരത്തിന്റെ പോരാട്ട വേദിയാകും.
ലഹരിയുടെ പേരില്‍ കൊലപാതകങ്ങളോ കുറ്റകൃത്യങ്ങളോ റിപോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രം ഉണരുന്ന പൊതുബോധവും ഭരണകൂട നടപടികളും ലഹരി നിര്‍മാര്‍ജനത്തിന് സഹായിക്കില്ല. ലഹരിയുടെ പേരില്‍ വളര്‍ന്നുവരുന്ന തലമുറയെ കുറ്റപ്പെടുത്തി മാറ്റിനിര്‍ത്തുന്നതിനു പകരം ക്രിയാത്മകമായ ഇടപെടലുകള്‍ ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. കാമ്പസുകളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ലഹരിയുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ വേണ്ട മുന്‍കരുതലും ജാഗ്രതയും വിദ്യാര്‍ഥി യൂണിയനുകള്‍ കൈക്കൊള്ളേണ്ടതുണ്ട്. കാമ്പസുകളില്‍ നടക്കുന്ന ക്രൂരമായ റാഗിങ് പീഡനങ്ങളുടെ പിന്നിലും ലഹരിയുടെ വ്യാപകമായ സ്വാധീനം ബോധ്യപ്പെടുന്നുണ്ട്. പ്രതികളെ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ അഭയം നല്‍കുന്നതിനും പകരം വിദ്യാര്‍ഥി തലമുറയുടെ ഭാവി സംരക്ഷണത്തിനു വേണ്ടി വിദ്യാര്‍ഥി യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഈ ലഹരി വിരുദ്ധ പോരാട്ടത്തില്‍ ഐക്യപ്പെടേണ്ടതുണ്ട്.
എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്സനി കാമില്‍ സഖാഫി, സെക്രട്ടറി ഹാരിസ് റഹ്മാന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അബ്ദുറഹ്മാന്‍ എരോല്‍, യൂസുഫ് സഖാഫി മൂത്തേടം, അഡ്വ. മുഹമ്മദ് ഹാഷിര്‍, സ്വാദിഖ് നിസാമി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.