Connect with us

ആത്മായനം

അതിജാഗ്രതയുടെ ആഘോഷം

റജബിൽ തുടങ്ങിയ പ്യൂരിഫിക്കേഷൻ ക്യാമ്പയിന്റെ പൂർത്തീകരണമാണ് പെരുന്നാൾ. ആരാധനകളാൽ ധന്യമാക്കിയ ഈ കാലത്തിന്റെ പൂർത്തീകരണവും ആരാധനാ നിർഭരമായിരിക്കണം.സൂറ: യൂനുസ് ഓർമപ്പെടുത്തിയ പോലെ "അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും കൊണ്ടാണ് അവൻ ഇതയച്ചത്, ഇതേ ചൊല്ലി ജനം സന്തോഷിക്കട്ടേ' നിസ്കരിച്ചും തക്ബീർ ഉരുവിട്ടും കുടുംബങ്ങളെ വിളക്കിച്ചേർത്തും ഹൃദയങ്ങളെ ഇണക്കിയും മൺമറഞ്ഞ ഉറ്റവരുടെ ഖബറിങ്കൽ ചെന്ന് പ്രാർഥിച്ചും ദാനം ചെയ്തും രോഗികളെ സന്ദർശിച്ചും വിരുന്നൊരുക്കിയും പുഞ്ചിരിച്ചും സന്തോഷങ്ങൾ പങ്കുവെച്ചും പെരുന്നാൾ ആഘോഷിക്കണം.എല്ലാറ്റിലും രക്ഷിതാവിന്റെ പ്രീതി കാംക്ഷിക്കണം. അല്ലാഹുവിനെ ഓർക്കാത്ത കർമങ്ങളൊക്കെയും ജീവച്ഛവങ്ങളായിരിക്കും. നന്മകളെ മുഴുക്കെ ആരാധനയാക്കി മാറ്റാൻ നിയ്യത്ത് കൊണ്ട് സാധ്യമാണ്.

Published

|

Last Updated

ജബിൽ തുടങ്ങിയ ആത്മശുദ്ധീകരണ യജ്ഞങ്ങൾ പൂർത്തിയാകാനിരിക്കുന്നു. ഈ സൗഭാഗ്യങ്ങളൊക്കെ അനുഭവിക്കാൻ നമ്മളുണ്ടാവുമോ എന്ന ഉദ്വേഗങ്ങളൊന്നും  ബാക്കിയില്ലാത്തവണ്ണം അല്ലാഹു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ഹൃദയവേരിൽ നിന്ന് സ്രഷ്ടാവിനായി ശുക്റുകളായിരം ഉതിരട്ടെ… ശ്വാസം തന്നവൻ, ജീവൻ തന്നവൻ, എല്ലാം തന്നവൻ അവൻ മാത്രം.

പക്ഷേ, നമുക്കിപ്പോഴും ചില ആശങ്കകൾ ബാക്കിയുണ്ട്. നമ്മൾ നോറ്റ നോമ്പും സംഘടിപ്പിച്ച ഇഫ്‎ത്വാറും നിർവഹിച്ച നിസ്കാരവും സ്വദഖകളും ഇഅ്തികാഫും ദിക്റും ചാരിറ്റി പ്രവർത്തനങ്ങളും നന്മയുടെ കണക്കുപുസ്തകത്തിൽ എഴുതപ്പെട്ടിട്ടുണ്ടാവുമോ? എന്നാണത്. ഈ ആലോചന വിനയത്തിന്റെതാണ്. കർമങ്ങളൊരുപാട് ചെയ്ത ഞാൻ സ്വർഗം നേടി ക്കഴിഞ്ഞെന്നും ഇനി വെറുതെയിരിക്കാമെന്നുമുള്ള വിചാരത്തിന്റെ വേരറുക്കുന്നതാണ് ഈ ആലോചന.
നിശ്ചയം രക്ഷിതാവിനോടുള്ള ഭക്തിയാൽ ചകിതരാകുന്നവർ, രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിൽ ഉറച്ച വിശ്വാസമുള്ളവർ, രക്ഷിതാവിന് പങ്കാളികളാരെയും കൽപ്പിക്കാത്തവർ, രക്ഷിതാവിങ്കലേക്ക് മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താൽ ദാനം ചെയ്യുന്നവർ, അങ്ങനെയുള്ളവർ മാത്രമാകുന്നു നന്മകളിൽ ജാഗ്രതയുള്ളവരും അവയെ പ്രാപിക്കുന്നതിൽ മുന്നേറുന്നവരും (സൂറ: മുഅ്മിനൂൻ 59 – 61)വിശ്വാസികൾ നന്മകളിൽ നിരതരായിരിക്കും.

അവന് നന്മകളാൽ വയറു നിറയില്ല. എല്ലാം അവസാനിപ്പിച്ച് കെട്ടിപ്പൂട്ടി പോകില്ല. ചെയ്യുന്ന കർമങ്ങളിൽ മുഴുക്കെ ദൈവിക പ്രീതിക്കായിരിക്കും മുൻഗണന കൊടുക്കുക. ജനപ്രീതിയോ ആത്മരതിയോ പ്രശസ്തിയോ അവൻ ലക്ഷ്യമാക്കില്ല. സാധ്യമാകുന്നത്ര ദൈവഭക്തിയിൽ ജാഗ്രത്താവുക എന്നതാണ് അവന്റെ നിലപാട്. സൂറ: തആബുൻ 16 അതാണ് വിശ്വാസികളോട് നിർദേശിച്ചതും.എങ്കിലും കർമങ്ങളിലൊക്കെയും റബ്ബിന്റെ ബൃഹത്തായ പ്രതിഫലങ്ങൾ ഉണ്ടാകുമെന്നുള്ള ശുഭപ്രതീക്ഷ കൂടിയുള്ളവനാണവൻ “അടിമ എന്നെ കുറിച്ച് ഏത് മനോഭാവമാണോ വെച്ച് പുലർത്തുന്നത് ഞാനും ആ സമീപനമാണ് അവനോട് കൈക്കൊള്ളുക, എന്നെ കുറിച്ച് സദ്്വിചാരങ്ങളെങ്കിൽ അവന് നന്മയുണ്ടാകും, ദുർവിചാരങ്ങളെങ്കിൽ തിരിച്ചുമതെ’ (അഹ്മദ്) എന്ന ഖുദ്സിയ്യായ ഹദീസ് അല്ലാഹുവിലുള്ള ശുഭ പ്രതീക്ഷകൾ നമുക്ക് നന്മകൾ കൊണ്ടു തരുമെന്ന സന്ദേശമാണല്ലോ നൽകുന്നതും. മാത്രമല്ല “തീർച്ച, വിശ്വസിക്കുകയും സുകൃതങ്ങൾ നിർവഹിക്കുകയും ചെയ്തവരാരോ, സുകർമികളുടെ പ്രതിഫലങ്ങൾ തീർച്ചയായും നാം പാഴാക്കുകയില്ല. അവർക്കായി നിത്യാനന്ദമുള്ള ആരാമങ്ങളുണ്ട്’ എന്ന സൂറത്തുൽ കഹ്ഫിന്റെ പാഠം ആ പ്രതീക്ഷക്ക് കൂടുതൽ കരുത്തു പകരുന്നുണ്ട്. സൂറ: ആലുഇംറാൻ 195 ഉം സമാന ആശയം പങ്കുവെച്ചിട്ടുണ്ട്.

ആ പ്രതീക്ഷയുടെ അനുഭൂതിയാണ് പെരുന്നാളിലൂടെ നമ്മൾ ആഘോഷിക്കുന്നത്. അതിജാഗ്രതയുള്ള ജീവിതത്തിനു വേണ്ടി രാപകലുകളിൽ ശ്രമിച്ചവർക്കു മാത്രമാണ് ഈ ആഘോഷത്തിനർഹതയുള്ളൂ. “ഞാൻ വേ റമസാൻ റേ’ എന്ന നിലപാടുകാർക്ക് പെരുന്നാൾ കേവലമൊരു തീറ്റയും കുടിയും മുട്ടിപ്പാട്ടും മാത്രമായിരിക്കും. മീസാനിലേക്ക് ഒന്നും ശേഷിപ്പില്ലാതെ അവയൊക്കെയും ഇവിടെ ചിറകുതിർന്ന് തീരും. എന്നാൽ ഈ കാലം വർണാഭമാക്കിയവർക്ക് പെരുന്നാൾ പായസത്തിന്റെ മധുരം അനശ്വരമായ മധുരത്തിന്റെ തുടക്കമാണ്. പുതുവസ്ത്രത്തിന്റെ പകിട്ട് സ്വർഗീയ ഉടയാടകളിലേക്കുള്ള മിടിപ്പാണ്.

ആഹ്ലാദങ്ങളൊക്കെയും പറുദീസയുടെ ആരവങ്ങളിലേക്കുള്ള തുടിപ്പാണ്. ഇപ്പോ മനസ്സിലായില്ലേ പെരുന്നാൾ ബുള്ളറ്റിന്റെ ആക്സിലേറ്റർ ഉറക്കെ മുരുണ്ടി ഒച്ചയുണ്ടാക്കലോ കറങ്ങിത്തിരിയലോ പടക്കം പൊട്ടിക്കലോ അല്ലെന്ന്. ചിലർ കരുതിയിരിക്കുന്നത് റമസാൻ വേറെയും പെരുന്നാൾ വേറെയുമെന്നാണ്. റമസാനിൽ നേടിയതു മുഴുക്കെ ഒറ്റ പെരുന്നാൾ കൊണ്ട്   പൊടിപടലമാക്കുമവർ. ഇനി പറയുന്നതൊന്ന് കേൾക്കൂ…. റജബിൽ തുടങ്ങിയ പ്യൂരിഫിക്കേഷൻ ക്യാമ്പയിന്റെ പൂർത്തീകരണമാണ് പെരുന്നാൾ. ആരാധനകളാൽ ധന്യമാക്കിയ ഈ കാലത്തിന്റെ പൂർത്തീകരണവും ആരാധനാ നിർഭരമായിരിക്കണം.

സൂറ: യൂനുസ് ഓർമപ്പെടുത്തിയ പോലെ “അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും കൊണ്ടാണ് അവൻ ഇതയച്ചത്, ഇതേ ചൊല്ലി ജനം സന്തോഷിക്കട്ടേ’ നിസ്കരിച്ചും തക്ബീർ ഉരുവിട്ടും കുടുംബങ്ങളെ വിളക്കിച്ചേർത്തും ഹൃദയങ്ങളെ ഇണക്കിയും മൺമറഞ്ഞ ഉറ്റവരുടെ ഖബറിങ്കൽ ചെന്ന് പ്രാർഥിച്ചും ദാനം ചെയ്തും രോഗികളെ സന്ദർശിച്ചും വിരുന്നൊരുക്കിയും പുഞ്ചിരിച്ചും സന്തോഷങ്ങൾ പങ്കുവെച്ചും പെരുന്നാൾ ആഘോഷിക്കണം. എല്ലാറ്റിലും രക്ഷിതാവിന്റെ പ്രീതി കാംക്ഷിക്കണം.

അല്ലാഹുവിനെ ഓർക്കാത്ത കർമങ്ങളൊക്കെയും ജീവച്ഛവങ്ങളായിരിക്കും. നന്മകളെ മുഴുക്കെ ആരാധനയാക്കി മാറ്റാൻ നിയ്യത്ത് കൊണ്ട് സാധ്യമാണ്. മരണമെന്ന സത്യത്തെ കണ്ടുമുട്ടും വരെ നിങ്ങൾ ആരാധനയിലലിയണമെന്നാണല്ലോ സൂറ: ഹിജ്റിന്റെ (44) പാഠം. വരക്കുന്ന വൃത്തങ്ങളൊക്കെയും മതത്തിന്റെ അച്ചുതണ്ടിൽ നിന്നാവണമെന്നുള്ളത് വിശ്വാസിയുടെ നിർബന്ധമാണ്. ആഘോഷങ്ങളെയും ആ അച്ചുതണ്ടിൽ നിന്ന് വ്യതിചലിക്കാതെ സൂക്ഷിക്കണം. റമസാൻ നമുക്ക് തന്ന അതിജാഗ്രതയെ കൂടെ തന്നെ നിർത്താം. സഹൃദയർക്ക് ഈദുൽ ഫിത്വർ സന്തോഷങ്ങൾ.

Latest