Uae
ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചു; നവംബര്‍ 20ന് സമാപിക്കും
വിദേശികളുടെയും കെട്ടിടങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് സെന്‍സസില്‍ ഉള്‍പ്പെടും.
ഷാര്‍ജ | ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചു. വിദേശികളുടെയും കെട്ടിടങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് സെന്‍സസില്‍ ഉള്‍പ്പെടുമെന്ന് ഷാര്‍ജ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡി എസ് സി ഡി) ഡയറക്ടര്‍ അബ്ദുല്ല അല്‍ കദീദ് അറിയിച്ചു. ആദ്യഘട്ടത്തിനാണ് ഇന്ന് തുടക്കമായത്.
പരിശീലനം ലഭിച്ച 300 ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ കെട്ടിടങ്ങളും ഭവനങ്ങളും സന്ദര്‍ശിച്ചു. കുടുംബങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. നവംബര്‍ 20നാണ് കണക്കെടുപ്പ് സമാപിക്കുക.
വിദേശികളില്‍ നിന്ന് കുടുംബനാഥന്റെ രാജ്യം, കുടുംബാംഗങ്ങള്‍, ഓരോ അംഗത്തിന്റെയും പ്രായം, അക്കാദമിക യോഗ്യത, തൊഴില്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. സെല്‍ഫ് കൗണ്ടിംഗ് ഫോം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. മലയാള ഭാഷ സംസാരിക്കുന്നവരും കണക്കെടുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുണ്ടാകും.
കെട്ടിടങ്ങള്‍, ഭവനങ്ങള്‍
കെട്ടിടങ്ങളുടെ പേര്, തരം, നിലകളുടെ എണ്ണം, പ്രവേശന കവാടങ്ങള്‍, താമസസ്ഥലം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. പാര്‍പ്പിടത്തെ കുറിച്ചുള്ള വിവരങ്ങളില്‍ മുറികളുടെ എണ്ണം, സവിശേഷതകള്‍, നില, എണ്ണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതേസമയം, വ്യക്തിഗത വിവരങ്ങളില്‍ പേര്, തരം, പ്രവര്‍ത്തനം, തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം, രാജ്യം എന്നിവ ഉള്‍പ്പെടുന്നു.
വസ്തുതകളുടെ രഹസ്യാത്മകത
നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി, വസ്തുതകള്‍ രഹസ്യമായി സൂക്ഷിക്കും. പ്രസിദ്ധീകരിക്കുകയോ ആരുമായും പങ്കിടുകയോ ചെയ്യില്ല. ശരിയായ ഡാറ്റ നല്‍കി സെന്‍സസ് ടീമുകളുമായി സഹകരിക്കാന്‍ എമിറേറ്റിലെ പൗരന്മാരോടും താമസക്കാരോടും വകുപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ഒരു തിരിച്ചറിയല്‍ ടാഗ് വഹിക്കുമെന്നും ഡി എസ് സി ഡി, ഷാര്‍ജ സെന്‍സസ് 2022 എന്നിവയുടെ ലോഗോ ഉള്‍ക്കൊള്ളുന്ന പ്രത്യേക വസ്ത്രം ധരിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. പരിശോധനാഘട്ടം പൂര്‍ത്തിയായതിന് ശേഷം, സെല്‍ഫ് കൗണ്ടിംഗ് ഘട്ടം ആരംഭിക്കും. അവിടെ എല്ലാ പൗരന്മാരും എമിറേറ്റിലെ താമസക്കാരും സെന്‍സസ് ഫോമുകള്‍ പൂരിപ്പിക്കേണ്ടതുണ്ട്.
ഉദ്യോഗസ്ഥ ശില്‍പശാലകള്‍
വിവരശേഖരണ പ്രക്രിയയുടെ കൃത്യതയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. സമഗ്രമായ ലിസ്റ്റിംഗ് ഘട്ടത്തില്‍ പൊതുജനങ്ങളുമായി ഇടപെടുന്നതിനുള്ള വഴികളെക്കുറിച്ചും സുരക്ഷിത പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്ന ആപ്പുകളെക്കുറിച്ചും ക്ലാസെടുത്തു. ആപ്ലിക്കേഷനുകളും ഡിജിറ്റല്‍ ടാബ്‌ലെറ്റുകളും എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചും 300 ഉദ്യോഗസ്ഥര്‍ക്ക് ത്രിദിന ശില്‍പശാല സംഘടിപ്പിച്ചു. ജോലി കാര്യക്ഷമമായും സുരക്ഷിതമായും പൂര്‍ത്തിയാക്കാന്‍ അവരെ പ്രാപ്തരാക്കി.
പൊതുതാത്പര്യം
കണക്കെടുപ്പ് ഘട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അടുത്ത ഘട്ടത്തിന്റെ വിജയം ഉറപ്പാക്കുന്നതില്‍ അതിന്റെ പങ്കിനെ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയുണ്ടെന്ന് അബ്ദുല്ല അല്‍ കദീദ് വ്യക്തമാക്കി. സമഗ്ര കണക്കെടുപ്പ് സെന്‍സസിലെ ഏറ്റവും നിര്‍ണായകവും സുപ്രധാനവുമായ ഘട്ടമാണ്. മുമ്പ് നേരിട്ട വെല്ലുവിളികളെ മറികടക്കും. 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ താമസിക്കുന്ന സ്ഥലമാണ് ഷാര്‍ജ. ചില ആളുകള്‍ ഇംഗ്ലീഷോ അറബിയോ സംസാരിക്കുകയോ ഈ രണ്ട് ഭാഷകളില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണ് നേരിട്ട് സമീപിക്കേണ്ടതും സെന്‍സസിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തേണ്ടതും അവരുടെ പങ്കാളിത്തം പ്രയോജനകരമാണെന്ന് ഊന്നിപ്പറയേണ്ടതും. ഭാഷാ തടസ്സം മറികടന്ന് അവര്‍ സംസാരിക്കുന്ന ഭാഷയില്‍ സ്വയം കൗണ്ടിംഗ് ഫോം നല്‍കും. എമിറേറ്റിലെ എല്ലാ പൗരന്മാരോടും താമസക്കാരോടും കുടുംബങ്ങളോടും വ്യക്തികളോടും എസ് എം ഇ കളോടും സ്വകാര്യ മേഖലയിലെ കമ്പനികളോടും സെന്‍സസ് ടീമുകളുമായി സഹകരിക്കാന്‍ അഭ്യര്‍ഥിക്കുന്നു. ഇത് എല്ലാവര്‍ക്കും പ്രയോജനപ്പെടുകയും എമിറേറ്റിന്റെ സേവനങ്ങളുടെ വികസനം മെച്ചപ്പെടുത്തുന്നതിന് സംഭാവന നല്‍കുകയും ചെയ്യുമെന്നതിനാലാണിത്. എമിറേറ്റിലെ എല്ലാ വിഭാഗങ്ങളെയും പിന്തുണക്കുന്നതിനുള്ള വികസന പദ്ധതികളും ആസൂത്രണങ്ങളും രൂപപ്പെടുത്തുന്നതിന് കൃത്യമായ ഡാറ്റയും സമഗ്രമായ വിവരങ്ങളും ഇത് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. സെന്‍സസ് ടീമുകള്‍ക്ക് നല്‍കുന്ന ഓരോ വിവരങ്ങളും ഷാര്‍ജയുടെ സമഗ്ര വികസന പദ്ധതിയുടെ അവിഭാജ്യ ഘടകമായ സമൂഹത്തെ സേവിക്കുന്നതിന് സംഭാവന ചെയ്യുന്നു.
കഴിഞ്ഞ സെപ്തംബറില്‍ ‘യു കൗണ്ട്’ എന്ന പേരില്‍ പഠനം ആരംഭിച്ചിരുന്നു. പ്രാഥമിക ഫലങ്ങള്‍ ഷാര്‍ജ ഭരണാധികാരിക്കും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അടുത്ത വര്‍ഷം മാര്‍ച്ചില്‍ സമര്‍പ്പിക്കും. കണ്ടെത്തലുകള്‍ ഷാര്‍ജ ഗവണ്‍മെന്റ് വെബ്‌സൈറ്റ് വഴിയും ഓപ്പണ്‍ ഡാറ്റ പ്ലാറ്റ്‌ഫോമുകള്‍ വഴിയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അബ്ദുല്ല അല്‍ കദീദ് പറഞ്ഞു.