Connect with us

From the print

സെന്‍സസ് അടുത്ത വര്‍ഷം; മണ്ഡല പുനര്‍നിര്‍ണയത്തിനും കേന്ദ്ര നീക്കം

പതിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സെന്‍സസ് നടത്താന്‍ ഒരുങ്ങുന്നത്. 2025ല്‍ ആരംഭിച്ച് 2026 ഓടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വര്‍ഷം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. പതിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സെന്‍സസ് നടത്താന്‍ ഒരുങ്ങുന്നത്. 2025ല്‍ ആരംഭിച്ച് 2026 ഓടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

2021ല്‍ നടക്കേണ്ട ജനസംഖ്യാ കണക്കെടുപ്പാണ് നാല് വര്‍ഷം വൈകി അടുത്ത വര്‍ഷം നടത്തുന്നത്. പത്ത് വര്‍ഷത്തിലൊരിക്കലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തേണ്ടത്. 2011ലാണ് അവസാനമായി സെന്‍സസ് നടന്നത്.

കൊവിഡ് വ്യാപനം കാരണം നടപടിക്രമങ്ങള്‍ വൈകിയതോടെയാണ് സെന്‍സസ് മാറ്റിവെച്ചത്. ഇതേത്തുടര്‍ന്ന് ഏകദേശം പത്ത് കോടി ആളുകള്‍ പൊതുവിതരണ സംവിധാനത്തില്‍ നിന്ന് പുറത്തായെന്നാണ് വിലയിരുത്തല്‍. 2011ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള 80 കോടി ആളുകളാണിപ്പോഴും പൊതുവിതരണ സംവിധാനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായന്റെ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന കാലാവധി 2026 ആഗസ്റ്റ് വരെ സര്‍ക്കാര്‍ നീട്ടിയിരുന്നു. ഇത് ജനസംഖ്യാ കണക്കെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് കരുതുന്നത്.

പുനര്‍നിര്‍ണയം നേരത്തേ
ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തുക. 2002ല്‍ വാജ്പയ് സര്‍ക്കാര്‍ 84ാം ഭേദഗതിയിലൂടെ മണ്ഡലപുനര്‍നിര്‍ണയം 25 വര്‍ഷത്തിലൊരിക്കലാക്കി നിജപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് 2031ലെ സെന്‍സസിന് ശേഷമാണ് പുനര്‍നിര്‍ണയം നടത്തേണ്ടത്. എന്നാല്‍, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനര്‍നിര്‍ണയം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
2027 ഓടെ ഡീലിമിറ്റേഷന്‍ പ്രക്രിയ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 2029ല്‍ നടക്കേണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാകും. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ ലോക്സഭയിലെ 33 ശതമാനം വനിതാ സംവരണവും ഇതോടൊപ്പം നടപ്പാക്കും.

ജാതി സെന്‍സസില്‍ മൗനം
ന്യൂഡല്‍ഹി ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെന്‍സസ് കൂടി നടത്തണമെന്ന ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് മൗനം. സെന്‍സസില്‍ ജാതി കണക്കെടുപ്പ് ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷത്തിന് പുറമെ ജെ ഡി യു, ലോക് ജനശക്തി പാര്‍ട്ടി, അപ്നാദള്‍ തുടങ്ങിയ എന്‍ ഡി എയിലെ ഘടകക്ഷികളും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഫോര്‍മുല അന്തിമമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആര്‍ എസ് എസും ജാതി സെന്‍സസ് എന്ന ആശയത്തെ പിന്തുണച്ചിട്ടുണ്ട്.