Connect with us

National

ഭരണഘടന ചർച്ച ചെയ്യാൻ സമ്മതിച്ച് കേന്ദ്രം; പാർലിമെന്റ് സ്തംഭനത്തിൽ സമവായം

അദാനി വിഷയം ഒഴികെ വിവിധ പ്രതിപക്ഷ കക്ഷികൾ മുന്നോട്ടുവെച്ച വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനും സ്പീക്കർ സമ്മതിച്ചു

Published

|

Last Updated

ന്യൂഡൽഹി | ഭരണഘടനാ വിഷയം പർലിമെന്റിന്റെ ഇരുസഭകളിലും ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിന് വഴങ്ങി കേന്ദ്രം. ഡിസംബർ 13, 14 തീയതികളിൽ ലോക്‌സഭയിലും 16, 17 തീയതികളിൽ രാജ്യസഭയിലും ഭരണഘടന ചർച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. സഭാനടപടികൾ സുഗമമായി നടത്താൻ പ്രതിപക്ഷ കക്ഷികൾ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു. പാർലിമെന്റിന്റെ ശീതകാല സമ്മേളനം കഴിഞ്ഞ അഞ്ച് ദിവസമായി തുടർച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി പ്രതിപക്ഷ കക്ഷി നേതാക്കൾ നടത്തിയ ചർച്ചയിലാണ് സമവായമായത്.

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷം വിവിധ വിഷയങ്ങളിൽ ബഹളം സൃഷ്ടിക്കുന്നതിനാൽ സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുന്ന സ്ഥതിയായിരുന്നു. നവംബർ 25ന് തുടങ്ങി അഞ്ച് ദിവസം സമ്മേളനം ചേർന്നെങ്കിലും ലോക്സഭ 67 മിനുട്ടും രാജ്യസഭ 93 മിനുട്ടും മാത്രമാണ് പ്രവർത്തിച്ചത്. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള സർവകക്ഷിയോഗം വിളിച്ചത്. യോഗത്തിൽ ലോക്‌സഭാ സ്പീക്കർ എല്ലാ പാർട്ടികളുടെയും നേതാക്കൾക്കു മുമ്പിൽ ഭരണഘടനയെക്കുറിച്ചുള്ള ചർച്ച നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ എല്ലാവരും സമ്മതം അറിയിച്ചതോടെ പ്രശ്നത്തിൽ സമവായമായി. ഭരണഘടനാ നിർമാണ സഭ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇരുസഭകളിലും ചർച്ച വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

ഇതോടൊപ്പം അദാനി വിഷയം ഒഴികെ വിവിധ പ്രതിപക്ഷ കക്ഷികൾ മുന്നോട്ടുവെച്ച വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനും സ്പീക്കർ സമ്മതം അറിയിച്ചു. വ്യവസായി ഗൗതം അദാനിക്ക് യുഎസിൽ കുറ്റപത്രം നൽകിയ സംഭവം വിദേശത്ത് നടന്നതായതിനാൽ പാർലിമെന്റിൽ പരിഗണിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്.

ലോക് സഭയിൽ ശൂന്യവേളയിൽ സംഭാൽ വിഷയം ഉന്നയിക്കാൻ സമാജ് വാദി പാർട്ടിയെയും ബംഗ്ലാദേശ് സാഹചര്യം ഉന്നയിക്കാൻ തൃണമൂൽ കോൺഗ്രസിനെയും ലോക് സഭയിൽ ഫെംഗൽ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ ഉയർത്താൻ ഡിഎംകെയെയും അനുവദിക്കാൻ യോഗത്തിൽ ധാരണയായി.

Latest