COVID RESTRICTIONS EASED
കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
സംസ്ഥാന അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനും നിര്‍ദേശമുണ്ട്.
ന്യൂഡല്‍ഹി | അധികമായി ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ പുനരവലോകനം ചെയ്യാനും ആവശ്യമെങ്കില്‍ മാറ്റം വരുത്താനും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.
സംസ്ഥാന അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനും നിര്‍ദേശമുണ്ട്. ജനങ്ങളുടെ സഞ്ചാരവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും പ്രധാനമാണെന്നും അത് തടസ്സപ്പെടരുതെന്നും കത്തിലുണ്ട്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഫെബ്രുവരി 10ന് ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തിയിരുന്നു.
അതേസമയം, കൊവിഡ് കേസുകളും വ്യാപനവും ദിനംപ്രതി നിരീക്ഷിക്കുന്നത് അവസാനിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. പരിശോധിക്കുക, നിരീക്ഷിക്കുക, ചികിത്സിക്കുക, വാക്‌സിന്‍ നല്‍കുക എന്ന പഞ്ചമുഖ പ്രതിരോധം തുടരണമെന്നും ഭൂഷണ്‍ പറഞ്ഞു.