Connect with us

Post-Mortem

വ്യവസ്ഥകളിൽ മാറ്റം വരുത്തി കേന്ദ്രം; പോസ്റ്റ്‌മോർട്ടം ഇനി രാത്രിയിലും

ആശുപത്രികളിൽ മതിയായ സൗകര്യം വേണം

Published

|

Last Updated

ന്യൂഡൽഹി | ആശുപത്രികളിൽ മതിയായ സൗകര്യമുണ്ടെങ്കിൽ ഇനി രാത്രിയിലും പോസ്റ്റ്‌മോർട്ടം ചെയ്യാം. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്‌മോർട്ടം പാടില്ലെന്ന വ്യവസ്ഥകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തി ഉത്തരവിറക്കി. മരിച്ചവരുടെ ബന്ധുക്കൾ നേരിടുന്ന പ്രയാസം കണക്കിലെടുത്തും അവയവ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ട്വീറ്റ് ചെയ്തു. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്‌മോർട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നതെന്ന് മാണ്ഡവിയ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന് നിരവധി നിവേദനങ്ങളാണ് ലഭിച്ചത്. ഇത് പരിഗണിച്ചാണ് തീരുമാനം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയിലെ വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.
ആവശ്യമായ വെളിച്ചം, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ സാങ്കേതികവിദ്യാ വളർച്ചയുടെ സാഹചര്യത്തിൽ ഡൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തെ ചില ആശുപത്രികളിൽ രാത്രിയും പോസ്റ്റ്‌മോർട്ടം നടത്താറുണ്ട്. വെളിച്ചക്കുറവും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു രാത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് നിയന്ത്രണമുണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തിൽ രാത്രി പോസ്റ്റ്‌മോർട്ടം സാധ്യമാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തി.

അവയവദാനത്തിന് വേണ്ടിയുള്ള പോസ്റ്റ്‌മോർട്ടത്തിനായിരിക്കണം രാത്രിയിൽ പ്രഥമ പരിഗണന നൽകേണ്ടതെന്ന് പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. ഇതിനുള്ള സൗകര്യം ആശുപത്രിയിൽ ഉണ്ടായിരിക്കണം. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ കേസുകളിലും മൃതദേഹം അഴുകിയ നിലയിലുള്ളതും ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്‌മോർട്ടം നടത്തരുതെന്നും വ്യവസ്ഥയുണ്ട്. രാത്രിയിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന്റെ ദൃശ്യങ്ങൾ സംശയങ്ങൾ ഒഴിവാക്കുന്നതിനും നിയമ ആവശ്യങ്ങൾക്കുമായി ചിത്രീകരിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്കും സംസ്ഥാന സർക്കാറുകൾക്കും നൽകിയ മാർഗനിർദേശങ്ങളിൽ പറയുന്നു.

Latest