National
കൊവിഡ് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവയിലെ ഇളവ് നീട്ടി കേന്ദ്രം
കൊവിഡ് വാക്സീന്‍, ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധിയാണ് നീട്ടിയിരിക്കുന്നത്.

ന്യൂഡല്‍ഹി| കൊവിഡ് വൈറസുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കിയത് സെപ്തംബര്‍ 30വരെ നീട്ടി. നേരത്തെ ഇളവ് അനുവദിച്ചിരുന്നത് ഓഗസ്റ്റ് 31വരെ ആയിരുന്നു. രണ്ടാം തവണയാണ് കൊവിഡുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടുന്നത്.
കൊവിഡ് വാക്സീന്‍, ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധിയാണ് നീട്ടിയിരിക്കുന്നത്. രാജ്യത്ത് ഇപ്പോഴും കൊവിഡ് വ്യാപനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഓക്സിജന്‍ ലഭ്യതയെ രണ്ടാം തരംഗം ബാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍, ജനറേറ്റര്‍, വെന്റിലേറ്റര്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കായിരുന്നു ഇളവ് നല്‍കിയത്.