Connect with us

National

ഡിജിറ്റൽ മാധ്യമങ്ങൾക്ക് പിടിയിട്ട് കേന്ദ്രം; രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബിൽ അടുത്തയാഴ്ച പാർലിമെന്റിൽ

പുതിയ നിയമം വരുന്നതോടെ യൂട്യൂബ് ചാനലുകൾക്കും വാർത്താ വെബ്സെെറ്റുകൾക്കുമെല്ലാം രജിസ്ട്രേഷൻ നിർബന്ധമാകും. ഇലക്ട്രോണിക് ഉപരകരണങ്ങളിലൂടെ വാർത്തകൾ നൽകുന്ന എല്ലാ മാധ്യമങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കാനാണ് തീരുമാനം.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. ഡിജിറ്റൽ മാധ്യമങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി പ്രസ് ആന്റ് പിരിയോഡിക്കൽസ് രജിസ്ട്രേഷൻ ബില്ലിലാണ് ഭേദഗതി കൊണ്ടുവരുന്നത്. ഭേദഗതി ബിൽ അടുത്തയാഴ്ച ആരംഭിക്കുന്ന പാർലിമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്.

നിലവിൽ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമല്ല. അതുകൊണ്ട് തന്നെ രാജ്യത്ത് ഡിജിറ്റൽ മാധ്യമ പ്ലാറ്റ്ഫോം ശക്തമാണ്. പുതിയ നിയമം വരുന്നതോടെ യൂട്യൂബ് ചാനലുകൾക്കും വാർത്താ വെബ്സെെറ്റുകൾക്കുമെല്ലാം രജിസ്ട്രേഷൻ നിർബന്ധമാകും. ഇലക്ട്രോണിക് ഉപരകരണങ്ങളിലൂടെ വാർത്തകൾ നൽകുന്ന എല്ലാ മാധ്യമങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കാനാണ് തീരുമാനം. ഇതോടെ തങ്ങൾക്ക് താത്പര്യമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയാനും അത്തരത്തിൽ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനും സർക്കാറിന് സാധിക്കും.

ഭേദഗതി അനുസരിച്ച് ഡിജിറ്റൽ വാർത്താ പ്രസാധകർ പ്രസ് രജിസ്ട്രാർ ജനറലിൽ രജിസ്ട്രേഷന് അപേക്ഷിക്കണം. നിയമം പ്രാബല്യത്തിൽ വന്ന് 90 ദിവസത്തിനുള്ളിൽ രജിസ്ട്രേഷന് അപേക്ഷ നൽകണമെന്നാണ് വ്യവസ്ഥ. നിയമം ലംഘിച്ചാൽ മാധ്യമ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ താൽകാലികമായി നിർത്തുകയോ പൂർണമായും റദ്ദാക്കുകയോ ചെയ്യാൻ കേന്ദ്രത്തിന് അധികാരമുണ്ടാകും.

ഡിജിറ്റൽ മാധ്യമങ്ങളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ ചീഫ് ആയി ഒരു അപ്പീൽ ബോർഡ് രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ബില്ലിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിലവിൽ അംഗീകാരം നൽകിയിട്ടില്ല. അത് ലഭ്യമായാൽ ഉടൻ പാർലിമെന്റിൽ അവതരിപ്പിക്കാനാണ് തീരുമാനം.

ഡിജിറ്റൽ വാർത്താ മാധ്യമങ്ങളെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കുകയെന്നതാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങൾ പ്രകാരം ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കാൻ 2019ൽ കേന്ദ്ര സർക്കാർ ശ്രമം നടത്തിയത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇന്റർനെറ്റ്, കമ്പ്യൂട്ടർ, മൊബൈൽ നെറ്റ് വർക്കുകൾ വഴി ടെക്സ്റ്റ്, വീഡിയോ, ഓഡിയോ, ഗ്രാഫിക്സ് ഫോർമാറ്റിൽ പ്രക്ഷേപണം ചെയ്യാൻ കഴിയുന്ന ഡിജിറ്റലൈസ്ഡ് ഫോർമാറ്റിലുള്ള വാർത്തയായി ഡിജിറ്റൽ മീഡിയയിലെ വാർത്തകളെ നിർവചിക്കുന്ന കരട് ബിൽ കേന്ദ്രം അവതരിപ്പിച്ചിരുന്നു. ഡിജിറ്റൽ വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമമായാണ് വിമർശകർ ഇതിനെ കണ്ടത്.

ഇന്ത്യയിലെ പത്രങ്ങളെയും അച്ചടിശാലകളെയും നിയന്ത്രിക്കുന്ന 1867-ലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്ക്സ് ആക്ടിന് പകരമാണ് രജിസ്ട്രേഷൻ ഓഫ് പ്രസ് ആൻഡ് പിരിയോഡിക്കൽസ് ബിൽ കൊണ്ടുവരുന്നത്.

Latest