National
പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്ത് സിഎഎ നടപ്പിലാക്കി കേന്ദ്രം; 14 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി
സിഎഎ ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിയമം നടപ്പാക്കി തുടങ്ങിയിരിക്കുന്നത്.
ന്യൂഡല്‍ഹി | വ്യാപക പ്രതിഷേധം കണക്കിലെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. സിഎഎ ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിയമം നടപ്പാക്കി തുടങ്ങിയിരിക്കുന്നത്.
1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തിയതാണു പുതിയ നിയമം. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കും. നേരത്തെ 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുങ്ങി
അതേ സമയം, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
മാര്‍ച്ച് 11നാണ് സിഎഎ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇതിന് പിന്നാലെയാണ് പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചത്. അതേ സമയം സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്