Connect with us

Educational News

കോച്ചിങ് സെന്ററുകൾക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം; തെറ്റായ അവകാശവാദങ്ങൾക്ക് നിരോധനം

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ ലഭിച്ച നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) അന്തിമ മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്.

Published

|

Last Updated

ന്യൂഡൽഹി | പരീക്ഷ കോച്ചിങ് സെന്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് കർശന മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. 100% സെലക്ഷൻ, 100% ജോബ് ഗ്യാരണ്ടി തുടങ്ങിയ തെറ്റായ അവകാശവാദങ്ങൾ നിരോധിച്ചുകൊണ്ടാണ് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ ലഭിച്ച നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) അന്തിമ മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. സിസിപിഎ ഇതുവരെ 54 നോട്ടീസുകൾ നൽകുകയും ഏകദേശം 54.60 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

കോഴ്സുകളുടെ വിവരങ്ങൾ, കോഴ്സിന്റെ ദൈർഘ്യം, അധ്യാപകരുടെ യോഗ്യത, ഫീസ് ഘടന, റീഫണ്ട് പോളിസി, തൊഴിൽ ഉറപ്പ് തുടങ്ങിയ കാര്യങ്ങളിൽ കോച്ചിംഗ് സെന്ററുകൾ തെറ്റായ അവകാശ വാദം ഉന്നയിക്കരുതെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു. രേഖാമൂലമുള്ള സമ്മതമില്ലാതെ വിജയിച്ച കുട്ടികളുടെ പേരുകൾ, ഫോട്ടോഗ്രാഫുകൾ, അനുഭവസാക്ഷ്യങ്ങൾ എന്നിവ കോച്ചിംഗ് സെന്ററുകൾ പ്രചരിപ്പിക്കരുതെന്നും മാർഗരേഖയിൽ പറയുന്നു.

‘കോച്ചിംഗ് സെക്ടറിലെ തെറ്റായ പരസ്യം തടയൽ’ എന്ന പേരിലുള്ള മാർഗനിർദേശങ്ങളിൽ അക്കാദമിക് പിന്തുണ, വിദ്യാഭ്യാസം, മാർഗ്ഗനിർദ്ദേശം, പഠന പരിപാടികൾ, ട്യൂഷൻ എന്നിവയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൗൺസിലിംഗ്, സ്പോർട്സ്, ക്രിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവയെ ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോച്ചിങ് സെന്ററുകൾ ബോധപൂർവം വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കുന്നത് ശ്രദ്ധയിൽപെട്ടതായും അതിനാലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതെന്നും ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു. സർക്കാർ കോച്ചിങ് സെന്ററുകളെ എതിർക്കുന്നില്ല. എന്നാൽ പരസ്യങ്ങളുടെ ഗുണനിലവാരം ഉപഭോക്തൃ അവകാശങ്ങളെ ദുർബലപ്പെടുത്തരുതെന്നും അവർ വ്യക്തമാക്കി.

Latest