From the print
ഹജ്ജ് ഗ്രൂപ്പുകൾക്ക് കർശന നിർദേശവുമായി കേന്ദ്രം; യാത്ര അനിശ്ചിതത്വത്തിലായവർക്ക് അടുത്ത വർഷം മുൻഗണന നൽകണം
ഈ വർഷം പൂർണമായോ ഭാഗികമായോ പണമടച്ച് അവസരം ലഭിക്കാത്തവർക്ക് അടുത്ത വർഷം മുൻഗണന നൽകണം.

കോഴിക്കോട് | അടുത്ത വർഷത്തെ ഹജ്ജ് യാത്രക്ക് സ്വകാര്യഗ്രൂപ്പുകൾക്ക് കർശന നിർദേശവുമായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. ഈ വർഷത്തെ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം.
ഈ വർഷം പൂർണമായോ ഭാഗികമായോ പണമടച്ച് അവസരം ലഭിക്കാത്തവർക്ക് അടുത്ത വർഷം മുൻഗണന നൽകണം. സഊദി ക്വാട്ട വെട്ടിക്കുറച്ചതിനെ തുടർന്ന് ഇപ്രാവശ്യം ഹജ്ജിന് പോകാൻ കഴിയാത്തവരെ ഉൾപ്പെടുത്തിയ ശേഷം മാത്രമേ അടുത്ത വർഷം പുതിയ അപേക്ഷ സ്വീകരിക്കാവൂ. ഈ വർഷത്തേത് പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സി എച്ച് ജി ഒ (കമ്പൈൻഡ് ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസേഴ്‌സ്)കൾ ആവശ്യമായ ഫണ്ട് നേരത്തേ തന്നെ കരുതണം. ഇതിന് അപേക്ഷകരായ ഹാജിമാരെ കാത്തുനിൽക്കരുത്. സോൺ ബുക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്രാവശ്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തിയിരുന്നെങ്കിലും അത് അടുത്ത വർഷം ഉണ്ടാകില്ല. സർവീസ് പ്രൊവൈഡർ, അക്കമഡേഷൻ, ട്രാസ്‌പോർട്ടേഷൻ കോൺട്രാക്ടുകൾ ഉൾപ്പെടെയുള്ളവക്ക് പണമടക്കൽ സി എച്ച് ജി ഒകൾ നേരത്തേ തന്നെ നടത്തണം. 2025ലെ ഹജ്ജിന് യോഗ്യത നേടിയ മുഴുവൻ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെയും 2026ലെ ഹജ്ജിന് പരിഗണിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ഈ പ്രാവശ്യം സഊദി വെട്ടിക്കുറച്ച ക്വാട്ട പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവസാനവട്ട നീക്കങ്ങൾ വിജയിച്ചാൽ സ്വകാര്യ ഗ്രൂപ്പുകളിൽ അപേക്ഷിച്ച ഹാജിമാർക്ക് ഹജ്ജിന് പോകാൻ കഴിയും. നുസുക് പ്ലാറ്റ്‌ഫോം വഴിയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ലെന്ന കാരണം പറഞ്ഞ് ക്വാട്ട തടഞ്ഞുവെച്ചതിനെ തുടർന്നാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുള്ള യാത്ര അനിശ്ചിതത്വത്തിലായത്.
ഇന്ത്യയിൽ രൂപവത്കരിച്ച 26 സി എച്ച് ജി ഒകൾ വഴിയാണ് സഊദിയിലെ താമസ, ട്രാൻസ്‌പോർട്ടേഷൻ ഉൾപ്പെടെയുള്ള കരാറുകൾ പൂർത്തീകരിക്കേണ്ടതും പണമടക്കേണ്ടതും. ഇവ പൂർത്തീകരിക്കാൻ പ്രത്യേക സമയവും സഊദി നിർദേശിച്ചിരുന്നു. എന്നാൽ ഈ സമയപരിധിക്കുള്ളിൽ രേഖകൾ സമർപ്പിക്കാൻ കഴിയാതിരിക്കുകയും പണമടക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള ഹാജിമാരുടെ യാത്ര സഊദി തടഞ്ഞുവെച്ചത്. പിന്നീട് 10,000 സീറ്റുകൾ അനുവദിച്ചിരുന്നു.