National
സിം കാർഡ് ഡീലർമാർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്രം
വ്യാവസായിക ആവശ്യങ്ങള്‍ക്ക് കൊടുത്ത് വന്നിരുന്ന ബള്‍ക്ക് കണക്ഷനുകളും നിർത്തലാക്കി:ലക്ഷ്യം വ്യാജ സിം കാർഡുകൾ നിയന്ത്രിക്കൽ

ന്യൂഡല്‍ഹി | സിം കാർഡ് ഡീലർമാർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര ടെലികോം മന്ത്രാലയം. രാജ്യത്ത് വ്യാജ സിം കാർഡുകൾ നിയന്ത്രിക്കുന്നതിനാണ് നടപടി. വ്യാവസായിക ആവശ്യങ്ങള്‍ക്ക് കൊടുത്ത് വന്നിരുന്ന ബള്‍ക്ക് കണക്ഷനുകള്‍ നിര്‍ത്തലാക്കിയതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബൾക്ക് കണക്ഷന് പകരം ബിസിനസ് കണക്ഷൻ എന്ന പുതിയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്ന 52 ലക്ഷം വ്യാജ മൊബൈല്‍ കണക്ഷനുകള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചതായി മന്ത്രി പറഞ്ഞു. 67,000 ഡീലര്‍മാരെ കരിമ്പട്ടികയിലും ഉൾപ്പെടുത്തി. 023 മെയ് മുതല്‍ വ്യാജ സിമ്മുകള്‍ നല്‍കി വന്നിരുന്ന 300 ഡീലര്‍മാര്‍ക്കെതിരെ രാജ്യത്തുടനീളം കേസുകള്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 66,000 അക്കൗണ്ടുകള്‍ വാട്സ്ആപ്പ് സ്വന്തം നിലയില്‍ ബ്ലോക്ക് ചെയ്തതായയും മന്ത്രി അറിയിച്ചു.
സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രം കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മാര്‍ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്ത് 10 ലക്ഷത്തിലധികം സിം ഡീലര്‍മാര്‍ ഉണ്ട്. അവര്‍ക്ക് പോലീസ് വെരിഫിക്കേഷന് മതിയായ സമയം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.