Connect with us

Kerala

കേരളത്തിന്റെ ശിപാർശ തള്ളി കേന്ദ്രം ; 55 വായ്പാ ആപ്പുകളുടെ നിരോധനം നിരസിച്ചു

കേന്ദ്രം നടപടിയെടുത്തത് 117 ആപ്പുകൾക്കെതിരെ • കേരളം നൽകിയത് 172 ആപ്പുകളുടെ ലിസ്സ്

Published

|

Last Updated

തിരുവനന്തപുരം | വായ്പാ ആപ്പുകളുടെ നിരോധനത്തിനായി കേരളം നൽകിയ ശിപാർശയിൽ കേന്ദ്രം നടപടിയെടുത്തത് 117 ആപ്പുകൾക്കെതിരെ. നിരോധനമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് 172 ആപ്പുകളുടെ ലിസ്റ്റായിരുന്നു കേരളം കേന്ദ്ര സർക്കാറിന് നൽകിയിരുന്നത്.
എന്നാൽ, തുടർ പരിശോധനകൾ നടത്തി കേന്ദ്ര ഐ ടി മന്ത്രാലയം 55 ആപ്പുകൾക്ക് താത്കാലിക ഇളവ് നൽകുകയായിരുന്നു.

ഈ ആപ്പുകൾക്കെതിരെ പരാതികൾ ലഭിച്ചില്ലെന്നതാണ് നിരോധനമേർപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കാൻ കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. രജിസ്‌ട്രേഷനിലെ സാങ്കേതികത്വവും ഉന്നയിക്കുന്നു. കേന്ദ്ര ഐ ടി വകുപ്പാണ് ആപ്പുകൾക്കെതിരെ നടപടിയെടുക്കേണ്ടത്.
സംസ്ഥാനത്ത് വായ്പാ ആപ്പുകൾ വഴി തട്ടിപ്പ് രൂക്ഷമാകുകയും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആപ്പുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.

സൈബർ പോലീസ് ശക്തമായ സൈബർ പട്രോളിംഗ് ആരംഭിക്കുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന 330ലേറെ ആപ്പുകൾ കണ്ടെത്തുകയും ചെയ്തു. ഇതിൽ ഐ ഒ എസ് പ്ലാറ്റ്ഫോമിൽ പ്രവർത്തിച്ചിരുന്ന 158 ആപ്പുകൾ ഐ ടി നിയമപ്രകാരം നോട്ടീസ് നൽകി കേരള പോലീസ് നീക്കം ചെയ്തു. ശേഷിക്കുന്ന 172 ആപ്പുകൾക്കെതിരെയാണ് കേന്ദ്രത്തിന് പട്ടിക നൽകി
യത്.

അതേസമയം, വായ്പാ ആപ്പുകളുടെ നിയന്ത്രണാധികാരം സംസ്ഥാനത്തിന് നൽകണമെന്ന ആവശ്യം കേരള പോലീസ് കേന്ദ്ര ഐ ടി വകുപ്പിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു. എന്നാൽ മറുപടി ലഭ്യമായിട്ടില്ല.

Latest