Kerala
ദേശീയ പാത വികസനത്തിന് കേന്ദ്രം 804 കോടി രൂപ അനുവദിച്ചു; നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
കൊടുവള്ളി, താമരശ്ശേരി ബൈപ്പാസുകളെയും പദ്ധതിയില്‍ പരിഗണിച്ചിട്ടുണ്ട്
തിരുവനന്തപുരം | പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാതയുടെ വികസനത്തിന് കേന്ദ്രം 804.76 കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്.അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന് 350.75 കോടി രൂപയും ദേശീയപാത 766 ല്‍ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടിറോഡിന് 454.1കോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ആവശ്യങ്ങളായിരുന്ന കൊടുവള്ളി, താമരശ്ശേരി ബൈപ്പാസുകളെയും പദ്ധതിയില്‍ പരിഗണിച്ചിട്ടുണ്ട്.തുക അനുവദിച്ച രണ്ട് റോഡുകളുടെയും വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് ദേശീയപാതാ വിഭാഗം സമര്‍പ്പിച്ച പദ്ധതി പരിഗണിച്ചാണ് സാമ്പത്തിക അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ പാത 766 ഇല്‍ 35 കിലോ മീറ്റര്‍ നവീകരിക്കുന്നതിനുള്ള പദ്ധതി നിര്‍ദേശമാണ് സമര്‍പ്പിച്ചിരുന്നത്. പേവ്ഡ് ഷോള്‍ഡറുകളോടു കൂടിയ രണ്ട് വരിപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള സാമ്പത്തികാനുമതിയാണ് ലഭ്യമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു