karipur airport
കരിപ്പൂരിൽ റൺവേ നീളം കുറക്കൽ ഒഴിവാക്കാനുള്ള നടപടികള്‍ക്ക് കേരളം മറുപടി നല്‍കുന്നില്ലെന്ന് കേന്ദ്രം
പ്രവാസികൾക്ക് വൻ തിരിച്ചടിയാകും ഇത്.

ന്യൂഡല്‍ഹി | കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നീളം കുറക്കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാന സർക്കാർ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. അതിനാൽ റണ്‍വേയുടെ നീളം കുറക്കാതെ നിര്‍വാഹമില്ലെന്നും മന്ത്രാലയം പറഞ്ഞു. റൺവേയുടെ നീളം കുറച്ചാൽ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാൻ സാധിക്കില്ല. പ്രവാസികൾക്ക് വൻ തിരിച്ചടിയാകും ഇത്.
കരിപ്പൂരിലെ വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിനായി സംസ്ഥാന സര്‍ക്കാറിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വഹിക്കും. കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാന സര്‍ക്കാരിനോട് ആശയ വിനിമയം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സമയബന്ധിതമായി ഒരു മറുപടി ലഭിച്ചിട്ടില്ല.