National
ജനാധിപത്യത്തെക്കുറിച്ച് കേന്ദ്രം ഒരുപാട് സംസാരിക്കാറുണ്ട്, പക്ഷേ പറയുന്നതൊന്നും പാലിക്കുന്നില്ല: ഖാര്‍ഗെ
അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ന്യൂഡല്‍ഹി| കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പാര്‍ലമെന്റ് ഹൗസില്‍ നിന്ന് വിജയ് ചൗക്കിലേക്കുള്ള തിരംഗ മാര്‍ച്ചിന് ശേഷം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പ്രതിപക്ഷ നേതാക്കളുടെ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ജനാധിപത്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരുപാട് സംസാരിക്കാറുണ്ടെന്നും എന്നാല്‍ പറയുന്നതൊന്നും പാലിക്കുന്നില്ലെന്നും പ്രതിപക്ഷം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി ഒറ്റക്കെട്ടായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷം അംഗങ്ങളുള്ള ബിജെപി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും അതുകൊണ്ടാണ് അദാനി വിഷയത്തില്‍ ജെപിസി അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ സമ്മതിക്കാത്തതെന്നും ഖാര്‍ഗെ ആരോപിച്ചു.
അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും യുകെയില്‍ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിഷയം ശ്രദ്ധ തിരിച്ചെന്നും അദ്ദേഹം പറഞ്ഞു.