broadcasting
പ്രക്ഷേപണങ്ങള്‍ ദൂരദര്‍ശന്‍ വഴി മാത്രമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ട്രായ് ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശങ്ങള്‍.

ന്യൂഡല്‍ഹി | സംസ്ഥാന സര്‍ക്കാറുകളുടെ ഉള്ളടക്കങ്ങള്‍ നേരിട്ട് പ്രക്ഷേപണം നടത്തുകയോ വിതരണം ചെയ്യുകയോ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രസാര്‍ ഭാരതി മുഖേന മാത്രമേ ഉള്ളടക്കം പ്രക്ഷേപണം ചെയ്യാവൂവെന്ന് വിവര- പ്രക്ഷേപണ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ പ്രക്ഷേപണ ഉള്ളടക്കങ്ങള്‍ വിതരണം ചെയ്യുന്ന സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും 2023 ഡിസംബര്‍ 31ഓടെ അത് അവസാനിപ്പിക്കണം. തമിഴ്‌നാട് സര്‍ക്കാറിന്റെ വിദ്യാഭ്യാസ ചാനലായ കല്‍വി ടി വി, ആന്ധ്രാ പ്രദേശിന്റെ ഐ പി ടി വി എന്നിവയെ ഈ നിര്‍ദേശം ബാധിക്കും. 2012ലെ ട്രായ് ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശങ്ങള്‍.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂനിയന്‍ ലിസ്റ്റിലെ 31ാം നമ്പറില്‍ ഉള്‍പ്പെടുന്നതാണ് പോസ്റ്റല്‍, ടെലിഗ്രാഫ്, ടെലിഫോണ്‍, വയര്‍ലെസ്സ്, ബ്രോഡ്കാസ്റ്റിംഗ്, ആശയവിനിമയത്തിന്റെ മറ്റ് രൂപങ്ങള്‍ എന്നിവയെല്ലാം. അതായത് കേന്ദ്ര സര്‍ക്കാറിന്റെ അധികാര പരിധിയില്‍ മാത്രം വരുന്നവയാണിത്.