From the print
ജാതി സര്‍വേ നടത്തേണ്ടത് കേന്ദ്രം; കേരളം സുപ്രീം കോടതിയില്‍
കോടതിയലക്ഷ്യ ഹരജിയില്‍ സത്യവാങ്മൂലം. ഉത്തരവ് ലംഘിക്കാന്‍ മനഃപൂര്‍വ നടപടിയുണ്ടായിട്ടില്ല.
ന്യൂഡല്‍ഹി | ജാതി സര്‍വേ നടത്തേണ്ടത് സംസ്ഥാന സര്‍ക്കാറുകളല്ലെന്നും മറിച്ച് കേന്ദ്ര സര്‍ക്കാറാണെന്നും കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. സംവരണത്തിന് അര്‍ഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് കാണിച്ചുള്ള കോടതിയലക്ഷ്യ ഹരജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നാണ് കേരളത്തിന്റെ വാദം. ഇക്കാര്യം പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഇത് സുപ്രീം കോടതി ശരിവെച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് നല്‍കിയ കോടതി അലക്ഷ്യ ഹരജിയിലാണ് സത്യവാങ്മൂലം. സംവരണപ്പട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സര്‍വേ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് സംഘടനയുടെ പരാതി. ഇതിന് നല്‍കിയ മറുപടിയിലാണ് പ്രത്യേക ജാതി സര്‍വേ സംസ്ഥാനം നടത്താത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയത്.
വിവരം കേന്ദ്രത്തില്‍
കേരളത്തിലെ സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 2011 ലെ സെന്‍സസിന്റെ ഭാഗമായി കേന്ദ്രം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേന്ദ്രം വിവരം ശേഖരിച്ച സാഹചര്യത്തില്‍ പ്രത്യേകമായി സര്‍വേ നടത്തേണ്ടതില്ലെന്നാണ് കേരളത്തിന്റെ നിലപാട്. കേന്ദ്രം വിവരങ്ങള്‍ ശേഖരിച്ചതു കൂടി പരിഗണിച്ച് ഇതു അവരില്‍ നിന്ന് ശേഖരിക്കാമെന്ന അഭിപ്രായമാണ് സംസ്ഥാനത്തിന്. കൊവിഡ്, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നതിന് സുപ്രീം കോടതി സമയം നീട്ടിനല്‍കിയെങ്കിലും മതിയായ ഡാറ്റ കേന്ദ്രം കൈമാറിയിരുന്നില്ല. തുടര്‍ന്ന്, റിപോര്‍ട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി. കേന്ദ്രം നല്‍കിയ റിപോര്‍ട്ട് സംസ്ഥാന പിന്നാക്ക കമ്മീഷന്‍ ചെയര്‍മാന് കഴിഞ്ഞ മെയില്‍ കൈമാറി. എന്നാല്‍, പര്യാപ്തമായ വിവരങ്ങള്‍ ഇതിലുണ്ടായിരുന്നില്ല. ഹൈക്കോടതി ഉത്തരവോ സുപ്രീം കോടതി നിര്‍ദേശമോ ലംഘിക്കാന്‍ മനഃപൂര്‍വമായ നടപടിയുണ്ടായിട്ടില്ല. കോടതിയലക്ഷ്യ ഹരജിയോ പുനഃപരിശോധന ഹരജിയോ നിലനില്‍ക്കുന്നതല്ല. അതുകൊണ്ടുതന്നെ ഇവ പരിഗണനാ ഘട്ടത്തില്‍ തന്നെ തള്ളിക്കളയണമെന്ന് കേരളം ആവശ്യപ്പെട്ടു.
പട്ടിക പുതുക്കണം
മുസ്‌ലിംകള്‍, പട്ടികജാതി, പട്ടിക വര്‍ഗം, മറ്റ് 70 പിന്നാക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഭരണഘടന നല്‍കിയിട്ടുള്ള സംവരണത്തിനുള്ള അവകാശം പിന്നാക്ക പട്ടികയില്‍ ഇപ്പോഴും തുടരുന്ന മുന്നാക്കക്കാര്‍ തട്ടിയെടുക്കുന്നു എന്നാണ് ആക്ഷേപം. നിശ്ചിത ഇടവേളകളില്‍ സംവരണ പട്ടിക അവലോകനം ചെയ്ത് പുതുക്കല്‍ വരുത്തണമെന്ന ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പട്ടിക പുതുക്കാതിരിക്കുന്നത് ഈ വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണു ഹരജി.