National
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 സംവിധാൻ ഹത്യ ദിവസ് ആയി ആചരിക്കാൻ കേന്ദ്രം; എതിര്‍ത്ത് കോണ്‍ഗ്രസ്
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തോളം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ആയിരുന്നെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
ന്യൂഡല്‍ഹി | രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ജൂണ്‍ 25 ഇനി മുതല്‍ സംവിധാൻ ഹത്യ ദിവസ് ആയി ആചരിക്കുമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവര്‍ക്കും അടിയന്തരാവസ്ഥക്കെതിരെ ധീരമായി പോരാടിയ മനുഷ്യര്‍ക്കും ആദരമര്‍പ്പിക്കുന്നതിനാണ് ജൂണ്‍ 25 സംവിധാൻ ഹത്യ ദിവസ് ആയി ആചരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.യാതൊരു കാരണവുമില്ലാതെ ലക്ഷക്കണക്കിന് പേരെ ജയിലിലാക്കി ,മാധ്യമ ശബ്ദങ്ങളെ അടിച്ചമർത്തി ഏകാധിപത്യമനോഭാവമാണ് ഇന്ദിരാ ഗാന്ധി അന്ന് കാണിച്ചതെന്നും അമിത് ഷാ പറഞ്ഞു. അടിയന്തിരാവസ്ഥകാലത്ത് കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ദിവസമായി ജൂണ്‍ 25മാറുമെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു.
അതേസമയം തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തോളം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ആയിരുന്നെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
1975 ജൂണ്‍ 25-നായിരുന്നു ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു.