National
പൗരന്മാരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കാൻ കേന്ദ്രം; എൻ ആർ സി നടപ്പാക്കുന്നതിന്റെ ആദ്യ ചുവട്
രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന, മരണ രജിസ്റ്റർ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങിയത്.
ന്യൂഡൽഹി | ഒരിടവേളക്ക് ശേഷം, രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾക്ക് കാരണമായ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ നടപടികൾ തുടങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ആദ്യ പടിയായി പൗരന്മാരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കാൻ കേന്ദ്രം പദ്ധതി തയ്യാറാക്കി. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന, മരണ രജിസ്റ്റർ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങിയത്. നിലവിൽ പ്രാദേശിക രജിസ്ട്രാർമാർ വഴി അതത് സംസ്ഥാന സർക്കാറുകളാണ് ജനന മരണ രജിസ്റ്റർ പരിപാലിക്കുന്നത്.
ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ക്യാബിനറ്റ് നോട്ടും മന്ത്രാലയം അവതരിപ്പിച്ച ബില്ലും പുറത്തുവന്നതോടെയാണ് സർക്കാറിന്റെ ഗൂഢപദ്ധതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത്. നേരത്തെ ആധാർ കാർഡും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിർദേശം സർക്കാർ നൽകിയിരുന്നു. ഈ നിർദ്ദേശത്തിനെതിരെ പാർലമെന്റിൽ വലിയ എതിർപ്പുയരുകയും ചെയ്തു. ജനന, മരണ ഡാറ്റാബേസും വോട്ടർ പട്ടികയും, ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുമായി സംയോജിപ്പിക്കാനാണ് സർക്കാർ ലക്ഷയമിടുന്നത്. ഇതിനായി ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്താനാണ് കാബിനറ്റ് നോട്ട് കൊണ്ടുവന്നത്.
ഇന്ത്യയുടെ രജിസ്ട്രാർ ജനറൽ സംസ്ഥാനങ്ങളിലെ ചീഫ് രജിസ്ട്രാർമാരുമായി ചേർന്നാകും ജനന മരണ രജിസ്റ്റർ പരിപാലിക്കുക. ആധാർ, റേഷൻ കാർഡ്, വോട്ടർ പട്ടിക, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ ചുമതലയുള്ള വിവിധ ഏജൻസികളുമായി ഇത് കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്യും.
വിവാദമായ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യത്തുടനീളം ഇതിനെതിരെ മാസങ്ങൾ നീണ്ട പ്രക്ഷോഭമാണ് നടന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ പ്രക്ഷോഭങ്ങൾ തണുത്തു. ഈ സാഹചര്യത്തിലാണ് വീണ്ടും സിഎഎയും എൻആർസിയും നടപ്പാക്കാനുള്ള നീക്കങ്ങൾ കേന്ദ്രം ആരംഭിച്ചത്.