Connect with us

National

വാഹന വിപണിയെ കരകയറ്റാന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

സെമികണ്ടക്ടര്‍ ചിപ്പിന്റെ ക്ഷാമം വലിയ നഷ്ടമാണ് വാഹന വിപണിയില്‍ ഏല്‍പ്പിച്ചിട്ടുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ വാഹന വ്യവസായം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാന്ദ്യവും കൊവിഡും ലോക്ഡൗണുമെല്ലാം ഈ മേഖലയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതിനെല്ലാം ആക്കം കൂട്ടുന്ന രീതില്‍ വന്ന ആഗോള സെമികണ്ടക്ടറിന്റെ ക്ഷാമവും രൂക്ഷമാണ്. സെമികണ്ടക്ടര്‍ ചിപ്പിന്റെ ക്ഷാമം വലിയ നഷ്ടമാണ് വാഹന വിപണിയില്‍ ഏല്‍പ്പിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി ഒട്ടുമിക്ക നിര്‍മാതാക്കളും ഉത്പാദനം വരെ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

ഈ പ്രതിസന്ധിയ്ക്ക് പരിഹാരമായി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിരിക്കുകയാണ്. വാഹന വിപണിയെ ഉയര്‍ത്തികൊണ്ടുവരാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ രാജ്യത്തെ സെമികണ്ടക്ടര്‍ ചിപ്പിനും, ഡിസ്‌പ്ലേ ബോര്‍ഡ് ഉല്‍പ്പാദനത്തിനുമുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സെമികണ്ടക്ടര്‍ നിര്‍മ്മാണത്തില്‍ 76,000 കോടി രൂപയുടെ നിക്ഷേപമാണ് പിഎല്‍ഐ പദ്ധതി വിഭാവനം ചെയ്യുന്നത്.

ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിര്‍മ്മാണത്തെ ആകര്‍ഷിക്കുന്നതിനായി 2020 നവംബറില്‍ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പിഎല്‍ഐ സ്‌കീമിലേക്ക് ഇത് ചേര്‍ക്കും. ഓട്ടോമൊബൈല്‍ നിര്‍മ്മാണം, വാഹന ഘടക നിര്‍മ്മാണം, ഇലക്ട്രിക് വെഹിക്കിള്‍ ഇക്കോസിസ്റ്റം ഡെവലപ്പര്‍മാര്‍ എന്നിവരെയും പിഎല്‍ഐ സ്‌കീം ഉള്‍ക്കൊള്ളുന്നു. ഇത് മൈക്രോചിപ്പുകളുടെ രൂപകല്‍പ്പന, ഫാബ്രിക്കേഷന്‍, പാക്കിംഗ്, ടെസ്റ്റിംഗ് എന്നിവയ്ക്ക് സഹായിക്കുമെന്നും സമ്പൂര്‍ണ്ണ ഇക്കോസിസ്റ്റം വികസിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നുമാണ് തീരുമാനത്തെക്കുറിച്ച് സംസാരിച്ച ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

ഇന്ത്യയിലെ ചിപ്പ് നിര്‍മ്മാണത്തിനായുള്ള ഈ പിഎല്‍ഐ പദ്ധതി രാജ്യത്തെ വാഹന മേഖലയെ കാര്യമായി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈക്രോചിപ്പ് നിര്‍മാണ മേഖലയ്ക്ക് പുതുതായി അംഗീകാരം ലഭിച്ച പിഎല്‍ഐ പദ്ധതിയോടെ ആശങ്കയ്ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. സെമികണ്ടക്ടര്‍ പിഎല്‍ഐ സ്‌കീമിന്റെ സമയം വളരെ നിര്‍ണായകമാണ്.

ലോകമെമ്പാടുമുള്ള കമ്പനികള്‍ ഇപ്പോള്‍ മാസങ്ങളായി തുടരുന്ന ചിപ്പ് ക്ഷാമം അനുഭവിക്കുന്ന സമയത്താണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഈ പദ്ധതിയിലൂടെ 35,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 1.7 ലക്ഷം കോടി രൂപയും അതിന്റെ ഫലമായി 1.35 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. വോളിയം മെച്ചപ്പെടുത്തുന്നതിന് കുറഞ്ഞത് 15 യൂണിറ്റ് സംയുക്ത സെമികണ്ടക്ടര്‍ പാക്കേജിംഗും സഹിതം ഇന്ത്യയില്‍ കുറഞ്ഞത് രണ്ട് ഡിസ്പ്ലേ ഫാബുകളും രണ്ട് ഗ്രീന്‍ഫീല്‍ഡ് സെമികണ്ടക്ടര്‍ ഫാബുകളും പ്രതീക്ഷിക്കുന്നു.