National
കാശ്മീര്‍ താഴ്വരയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രം
നിയന്ത്രണ രേഖയില്‍ മാത്രമായി സൈനിക വിന്യാസം ചുരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ശ്രീനഗര്‍|കാശ്മീര്‍ താഴ്വരയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി വന്‍ തോതില്‍ സൈനിക വിന്യസം നടത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ മാത്രമായി സൈനിക വിന്യാസം ചുരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
2019 ഓഗസ്റ്റില്‍ കാശ്മീര്‍ പുനസംഘടനാ ബില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് താഴ്‌വരയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചത്. മൂന്നര വര്‍ഷത്തിന് ശേഷം ഇത് പിന്‍വലിക്കാനാണ് ആലോചന. ഉള്‍പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദേശം രണ്ട് വര്‍ഷമായി പരിഗണനയിലുണ്ട്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളും, സൈന്യവും, ജമ്മുകാശ്മീര്‍ പൊലീസും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
കാശ്മീരിലെ അക്രമസംഭവങ്ങളില്‍ അന്‍പത് ശതമാനത്തോളം കുറവുണ്ടായെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി സൈന്യത്തെ നിയന്ത്രണ രേഖയിലേക്ക് മാറ്റി സിആര്‍പിഎഫിനെ സുരക്ഷാ ചുമതലയില്‍ നിയോഗിക്കാനാണ് ആലോചന.