afspa
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്പ ഇളവുമായി കേന്ദ്രം
അതേസമയം, അഫ്‌സ്പ പൂര്‍ണമായും ഒഴിവായിട്ടില്ല.
ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദ നിയമത്തില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സായുധ സേന (സവിശേഷാധികാര) നിയമം എന്ന അഫ്‌സ്പയിലാണ് ചില ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചത്. നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഇളവുണ്ടാകുക.
സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടതും അതിവേഗത്തിലുള്ള വികസനവുമാണ് ഇളവിന് പ്രേരിപ്പിച്ചതെന്ന് അമിത് ഷാ അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി ഈ മേഖല അവഗണിക്കപ്പെട്ടതായിരുന്നെന്ന് കോണ്‍ഗ്രസ് സര്‍ക്കാറുകളെ കുറ്റപ്പെടുത്തി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിയമത്തില്‍ പുനരാലോചന ശക്തമായത്.
അതേസമയം, അഫ്‌സ്പ പൂര്‍ണമായും ഒഴിവായിട്ടില്ല. ഈ സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ അഫ്‌സ്പ തുടരും. ജമ്മു കശ്മീരിലും അഫ്‌സ്പയുണ്ട്. ഇത് പിന്‍വലിക്കണമെന്ന് പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിലെല്ലാം ആവശ്യമുയരുന്നുണ്ട്.