Connect with us

Kerala

യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച കേന്ദ്ര നടപടി; നിമിഷപ്രിയയുടെ അമ്മ വീണ്ടും കോടതിയില്‍

യെമനില്‍ മകളെ സന്ദര്‍ശിക്കാന്‍ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി| യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യമന്‍ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹരജി. യെമനില്‍ മകളെ സന്ദര്‍ശിക്കാന്‍ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. യെമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും അവിടെ സഹായത്തിന് നയതന്ത്ര പ്രതിനിധികള്‍ ഇല്ലെന്നും മന്ത്രാലയം മറുപടിയില്‍ പറഞ്ഞു. സുരക്ഷാ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തത്കാലം യാത്ര ചെയ്യരുതെന്നുമാണ് മറുപടിയില്‍ പറയുന്നത്.

നിമിഷ പ്രിയയുടെ കുടുംബം യെമന്‍ സന്ദര്‍ശിച്ചാല്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കി. എന്നാല്‍ നിമിഷ പ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.