National
ഉന്നതവിദ്യാഭ്യാസത്തിന് ഈടില്ലാത്ത വായ്പ നൽകുന്ന പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര അംഗീകാരം
എട്ട് ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം കാലയളവിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് മൂന്ന് ശതമാനം പലിശ ഇളവ്
ന്യൂഡൽഹി | മിടുക്കരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് പിഎം-വിദ്യാലക്ഷ്മി പദ്ധതിക്ക് ഗവൺമെന്റ് അംഗീകാരം നൽകി. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർഥിക്കും കോഴ്‌സുമായി ബന്ധപ്പെട്ട മുഴുവൻ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ഈടുരഹിത-ജാമ്യരഹിത വായ്പ ലഭിക്കാൻ അർഹതയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽനിന്ന് ഉരുത്തിരിഞ്ഞ പ്രധാന സംരംഭമാണ് പിഎം വിദ്യാലക്ഷ്മി. പൊതു-സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് നയത്തിൽ ശുപാർശ ചെയ്തിരുന്നു. ലളിതവും സുതാര്യവും വിദ്യാർഥിസൗഹൃദവുമായ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരസ്പര പ്രവർത്തനക്ഷമമായ പദ്ധതി പൂർണമായും ഡിജിറ്റലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതില് നിന്ന് ഇന്ത്യയിലെ ഒരു യുവജനത്തെയും സാമ്പത്തിക പരിമിതികള് തടയാതിരിക്കാനാണ് ഈ പദ്ധതി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏഴര ലക്ഷം രൂപ വരെയുള്ള വായ്പത്തുകയ്ക്ക്, കുടിശ്ശികയുള്ളതിന്റെ 75% വായ്പ ഉറപ്പിനും വിദ്യാർഥിക്ക് അർഹതയുണ്ട്. എട്ട് ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം കാലയളവിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് മൂന്ന് ശതമാനം പലിശ ഇളവും നൽകും. പ്രതിവർഷം ഒരു ലക്ഷം വിദ്യാർഥികൾക്ക് പലിശ ഇളവു നൽകും. ഗവണ്മെന്റ് സ്ഥാപനങ്ങളിൽ നിന്നും സാങ്കേതിക/പ്രൊഫഷണൽ കോഴ്സുകൾ തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും.
ഇതിനായി 2024-25 മുതൽ 2030-31 വരെയുള്ള കാലയളവിൽ 3600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ കാലയളവിൽ 7 ലക്ഷം പുതിയ വിദ്യാർഥികൾക്ക് ഈ പലിശ ഇളവിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.