Connect with us

National

32,500 കോടിയുടെ ഏഴ് റെയിൽ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം

ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ വിപുലീകരണത്തിനും പിഎം ഇ-ബസ് സർവീസിനും അംഗീകാരം

Published

|

Last Updated

ന്യൂഡൽഹി | റെയിൽവേ മന്ത്രാലയത്തിന്റെ ഏഴ് പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഏകദേശം 32,500 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഈ പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല 2,339 കിലോമീറ്റർ വികസിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

യുപി, ബിഹാർ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 35 ജില്ലകളെ ഈ പുതിയ റെയിൽവേ പദ്ധതികൾ ഉൾക്കൊള്ളും.

ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ വിപുലീകരണത്തിന് അംഗീകാരം

ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ വിപുലീകരണത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 14,903 കോടി രൂപ ചെലവഴിക്കും. ഐടി പ്രൊഫഷണലുകളുടെ നൈപുണ്യ നിലവാരം ഡിജിറ്റൽ ഇന്ത്യ മെച്ചപ്പെടുത്തിയതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതിക്ക് കീഴിൽ 5.25 ലക്ഷം ഐടി പ്രൊഫഷണലുകൾക്ക് പുനർ നൈപുണ്യവും നവീകരണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2.65 ലക്ഷം പേർക്ക് ഐടിയിൽ പരിശീലനം നൽകും.

ദേശീയ സൂപ്പർകമ്പ്യൂട്ടിംഗ് മിഷന്റെ കീഴിൽ 18 സൂപ്പർ കമ്പ്യൂട്ടറുകൾ വിന്യസിച്ചിട്ടുണ്ട്. ഇനി ഒമ്പത് സൂപ്പർ കമ്പ്യൂട്ടറുകൾ കൂടി ഇതിലേക്ക് ചേർക്കും.

പിഎം ഇ-ബസ് സർവീസിന് അംഗീകാരം

പിഎം ഇ-ബസ് സർവീസിനും അംഗീകാരം ലഭിച്ചു. 10,000 പുതിയ ഇലക്ട്രിക് ബസുകൾ ഓടിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. പിഎം ഇ-ബസ് സർവീസ് സ്കീമിനായി 57,613 കോടി രൂപ ചെലവഴിക്കും. ഇതിൽ 20,000 കോടി കേന്ദ്ര സർക്കാരും ബാക്കി സംസ്ഥാന സർക്കാരും നൽകും. ഇതനുസരിച്ച് രാജ്യത്തുടനീളം പതിനായിരത്തോളം പുതിയ ഇലക്ട്രിക് ബസുകൾ ലഭ്യമാക്കും.

പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) മാതൃകയിലായിരിക്കും ബസുകൾ സർവീസ് നടത്തുകയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 3 ലക്ഷവും അതിൽ കൂടുതലുമുള്ള ജനസംഖ്യയുള്ള 169 നഗരങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തും. പദ്ധതിയിലൂടെ 45,000-55,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Latest