Uae
സെൻട്രൽ ബേങ്ക് വെള്ളി സ്മാരക നാണയങ്ങൾ പുറത്തിറക്കി
60 ഗ്രാം ഭാരമുള്ള 3,000 സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
അബൂദബി| യു എ ഇ സെൻട്രൽ ബേങ്ക് സുവർണ ജൂബിലിയുടെ സ്മരണാർഥം വെള്ളി നാണയങ്ങൾ പുറത്തിറക്കി. കഴിഞ്ഞ ദശകങ്ങളിൽ ബേങ്കിംഗ്, സാമ്പത്തിക മേഖലകൾ വികസിപ്പിക്കുന്നതിലെ നേട്ടങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമാണ് 50-ാം വാർഷിക വെള്ളി നാണയം പുറത്തിറക്കിയത്. 60 ഗ്രാം ഭാരമുള്ള 3,000 സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്. പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ ചിത്രവും അറബിയിൽ അദ്ദേഹത്തിന്റെ പേരും ഒരു ഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ട്.
മറുവശത്ത് അറബിയിലും ഇംഗ്ലീഷിലും “യു എ ഇയിലെ സെൻട്രൽ ബേങ്കിന്റെ 50 വർഷങ്ങൾ’ എന്ന വാക്യത്തോടൊപ്പം സെൻട്രൽ ബേങ്ക് കെട്ടിടത്തിന്റെ ചിത്രവും 1973-2023 എന്ന വർഷവും അവതരിപ്പിക്കുന്നു. സ്മാരക നാണയങ്ങളുടെ വിൽപ്പനക്കായി സെൻട്രൽ ബേങ്ക് വെബ്സൈറ്റിൽ ഡിജിറ്റൽ സേവനം ആരംഭിച്ചിട്ടുണ്ട്. യു എ ഇ പാസ് വഴി ലോഗിൻ ചെയ്ത് ഡെലിവറി ഫീസ് ഉൾപ്പെടെ 650 ദിർഹത്തിന് നാണയം ലഭ്യമാകും. മുൻ വർഷങ്ങളിൽ സെൻട്രൽ ബേങ്ക് പുറത്തിറക്കിയ മറ്റു സ്മാരക നാണയങ്ങളും ഓൺലൈൻ പർച്ചേയ്സിലൂടെ സ്വന്തമാക്കാം.
---- facebook comment plugin here -----