Uae
കേന്ദ്ര ബജറ്റ്; വസ്തു നികുതിയിൽ പ്രവാസികൾക്ക് നേരിയ ആശ്വാസം: നടപ്പാകാൻ കടമ്പകളേറെ
കേന്ദ്ര ബജറ്റില്‍ പ്രവാസി ക്ഷേമത്തെ പറ്റി ഒരു വരി പോലും ഉള്‍പ്പെടുത്താതെ മുന്‍ ബജറ്റിലെ പോലെ പ്രവാസി അവഗണന്ന തുടരുകയാണെന്ന് ഗള്‍ഫിലെ വിവിധ സംഘടനകള്‍ വ്യക്തമാക്കി.
ദുബൈ | ആസ്തികള്‍ കൈമാറ്റം ചെയ്യുമ്പോള്‍ പ്രവാസികള്‍ക്കുള്ള ദീര്‍ഘകാല മൂലധന നേട്ട (എല്‍ ടി ജി സി) നികുതി നിരക്ക്, റസിഡന്റ് നികുതിദായകരുടെ നിരക്കുകളുമായി യോജിപ്പിക്കാന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ പാലിമെന്റില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദേശമുള്ളത്.
ടാക്‌സ് ഇന്‍ഡക്‌സേഷന്‍ ബെനിഫിറ്റ് പ്രകാരമാണ് പ്രവാസികള്‍ക്ക് പ്രതിസന്ധി രൂപപ്പെട്ടിരുന്നത്. സിറ്റിസന്‍ എന്ന വാക്കിന് പകരം റസിഡന്റ് എന്ന വാക്ക് ഉപയോഗിച്ചതിലൂടെ പ്രവാസികള്‍ പരിധിക്ക് പുറത്തായി. വസ്തുവിന്റെ വിലക്ക് മേല്‍ നാണ്യപ്പെരുപ്പത്തിന്റെ സ്വാധീനം കണക്കാക്കാത്ത, ഇന്‍ഡക്‌സേഷന്‍ ഇല്ലാത്ത നികുതി 12.5 ശതമാനമാണ്. പുതിയ ബജറ്റ് പ്രഖ്യാപനത്തിലൂടെ റസിഡന്റ് നികുതിദായകര്‍ക്കൊപ്പം പ്രവാസികളും ഇതിന്റെ പരിധിയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ബജറ്റ് നിര്‍ദേശത്തില്‍ പറയുന്ന ദീര്‍ഘകാല മൂലധന നേട്ട നികുതി യോജിപ്പിക്കുന്നതിന് തുടര്‍ന്ന് വരുന്ന ബില്ലുകളിലാണ് തീരുമാനമാകേണ്ടതെന്ന് ഇക്കാര്യത്തില്‍ നിയമപോരാട്ടം നടത്തുന്ന ശ്രീജിത്ത് കോട്ടയില്‍ സിറാജിനോട് പറഞ്ഞു. നിര്‍ദേശം നടപ്പാക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പ്രവാസികള്‍ക്ക് മറ്റു ആശ്വാസപദ്ധതികളില്ല എന്നത് പ്രവാസ ലോകത്ത് പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.
2025ലെ ബജറ്റില്‍ പ്രവാസി ഇന്ത്യക്കാരെയും വിദേശ നിക്ഷേപകരെയും ബാധിക്കുന്ന ചില പ്രധാന നികുതി മാറ്റങ്ങള്‍ ഉണ്ട്. ഇലക്ട്രോണിക്‌സ് നിര്‍മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വിദേശ സ്ഥാപനങ്ങള്‍ക്ക് അനുമാന നികുതി വ്യവസ്ഥ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ നിര്‍മാണ യൂണിറ്റുകളിലേക്ക് ഘടകങ്ങള്‍ സംഭരിക്കുന്ന പ്രവാസികള്‍ക്ക് സുരക്ഷിത തുറമുഖ വ്യവസ്ഥയും അവതരിപ്പിച്ചു.
കേന്ദ്ര ബജറ്റില്‍ പ്രവാസി ക്ഷേമത്തെ പറ്റി ഒരു വരി പോലും ഉള്‍പ്പെടുത്താതെ മുന്‍ ബജറ്റിലെ പോലെ പ്രവാസി അവഗണന്ന തുടരുകയാണെന്ന് ഗള്‍ഫിലെ വിവിധ സംഘടനകള്‍ വ്യക്തമാക്കി. പ്രവാസി പണം രാജ്യത്തിന്റെ സമ്പദ്ഘടനയെ സംരക്ഷിക്കുന്നുവെന്ന് പറയുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ അതിന്നായി ജീവിതം ഉഴിഞ്ഞുവെച്ച പ്രവാസികളെ കണ്ടില്ലെന്ന് നടിക്കുകയാണ്.