Connect with us

union budget 2022

കേന്ദ്ര ബജറ്റ്; തിരഞ്ഞെടുപ്പ് വരാനിരിക്കെ കരുതിവെച്ചതെന്ത്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ജനപ്രിയ വാഗ്ദാനങ്ങള്‍ തന്നെയാകും ഉണ്ടാവുക എന്നാണ് കരുതപ്പെടുന്നത്

Published

|

Last Updated

ണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നാം സമ്പൂര്‍ണ്ണ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലിമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്തതോടെ ബജറ്റ് സമ്മേളന നടപടികള്‍ക്ക് തുക്കമായി. കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ നിഴലില്‍ നില്‍ക്കവെ അവതരിപ്പിക്കപ്പെടുന്ന ബജറ്റിനെ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍, മൊത്തം വ്യാവസായിക മേഖലയെ ഉണര്‍ത്തുന്ന നടപടികള്‍ക്ക് പകരം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ജനപ്രിയ വാഗ്ദാനങ്ങള്‍ തന്നെയാകും ഉണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. ഈ സൂചന തന്നെയാണ് ഇന്ന് നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും പ്രകടമായത്. കേന്ദ്രം നടത്തിയെന്ന് അവകാശപ്പെടുന്ന വിവിധ ക്ഷേമ പദ്ധതികളിലൂന്നിയായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. വരുന്ന തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായക സ്വീധീമായ വനിതകള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി നടപ്പാക്കിയ പദ്ധതികളും അതിന്റെ ഗുണഭോക്താക്കളുടെ എണ്ണവും അദ്ദേഹം എടുത്തുപറഞ്ഞു. വനിതാ ശാക്തീകരണമാണ് സര്‍ക്കാറിന്റെ ഉന്നത ലക്ഷ്യങ്ങളില്‍ ഒന്നെന്നും ചെറുകിട കര്‍ഷകര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കിയെന്നും ഇന്ത്യയുടെ വാക്‌സീന്‍ കൊവിഡിനെതിരെ ലോകരാജ്യങ്ങളെ സഹായിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് നിരോധനം സ്ത്രീശാക്തീകരണത്തിന് സഹായകമായി എന്നതായിരുന്നു നയപ്രഖ്യാപനത്തിലെ ശ്രദ്ധേയ അവകാശവാദം.

കൊവിഡിനിടെ നടന്ന കഴിഞ്ഞ ബജറ്റില്‍ ആരോഗ്യമേഖലക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇതില്‍ പലതും കടലാസിലെ വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങിയെന്നും കൊവിഡ് പിടിവിട്ട് പടര്‍ന്നുപിടിച്ച സാഹചര്യങ്ങളിലൊന്നും ഇതിന്റെ ഗുണം ലഭിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. മഹാമാരിയില്‍ താളം തെറ്റിയ സംമ്പദ്ഘടനയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ എത്രത്തോളം ഉണ്ടാവുമെന്നതും പ്രധാന ചോദ്യമാണ്. കൊവിഡ് തീര്‍ത്ത് ആഘാതത്തില്‍ രാജ്യത്തെ എല്ലാ ചെറുകിട ഇടത്തരം വ്യവസായങ്ങളും ഒരു പരിധിവരെ വന്‍കിട വ്യവസായങ്ങളും തളര്‍ച്ച നേരിടുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റിന് ഈ ആവശ്യങ്ങളെ എത്രത്തോളം പൂര്‍ത്തികരിക്കാന്‍ കഴിയും എന്നത് പ്രധാന ചോദ്യമാണ്. കുത്തനകൂടി നില്‍ക്കുന്ന പെട്രോള്‍ വിലയും തൊഴിലില്ലായ്മയും വിലക്കയറ്റവും വരുത്തിവെച്ച ഇരുട്ടടിക്കുമുകളില്‍ പുതിയ നികുതി ഭാരങ്ങള്‍ കേന്ദ്രം അടിച്ചേല്‍പ്പിക്കുമോ എന്നുള്ള ആശങ്കകളും ബജറ്റിനെ ശ്രദ്ധാ കേന്ദ്രമാക്കുകയാണ്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ നാലാം ബജറ്റില്‍ ഏതെല്ലാം പ്രഖ്യാപനങ്ങളാണ് കരുതിവെച്ചിരിക്കുന്നത് എന്ന് ഉറ്റ് നോക്കുകയാണ് രാജ്യം.

Latest