Connect with us

Editorial

കേന്ദ്ര വിവേചനം വിഴിഞ്ഞം പദ്ധതിയിലും

വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഒരു വര്‍ഷത്തിനകം തന്നെ കേന്ദ്രം മുടക്കുന്ന 887 കോടി രൂപ ജി എസ് ടിയിലൂടെ കേന്ദ്രത്തിന് തിരികെ ലഭ്യമാകും. എന്നിട്ടും കേന്ദ്രത്തിന്റെ വി ജി എഫ് വിഹിതം കേരളം തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി പറയുന്നത് പോലെ കേരളത്തോടുള്ള പകപോക്കലായി കാണേണ്ടി വരും.

Published

|

Last Updated

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെന്ന പോലെ കടുത്ത വിവേചനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള ധനസഹായത്തിലും കേരളത്തോട് കേന്ദ്രം കാണിക്കുന്നത്. തുറമുഖ പദ്ധതിക്ക് ധനസഹായമായി കേന്ദ്രം നല്‍കേണ്ട 817.80 കോടിയുടെ വി ജി എഫ് (വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്) തിരിച്ചടക്കേണ്ട വായ്പയായി മാറ്റിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, സാമ്പത്തികമായി ലാഭകരമല്ലാത്ത പദ്ധതികളുടെ നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായമാണ് വി ജി എഫ.് വിഴിഞ്ഞം തുറമുഖം നിര്‍മിക്കുന്ന അദാനി പോര്‍ട്ടിന് കേന്ദ്രവും സംസ്ഥാനവും നല്‍കേണ്ടതുണ്ട് ഈ തുക. വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ ഒപ്പുവെച്ച വേളയില്‍ കേന്ദ്രം ഇത് നല്‍കുമെന്ന് പ്രഖ്യാപിച്ചതുമാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി തുടങ്ങി രാജ്യത്തെ മറ്റു പല തുറമുഖങ്ങള്‍ക്കും കേന്ദ്രം അത് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം നല്‍കുന്ന 817 കോടി വി ജി എഫ് ആയിരിക്കില്ലെന്നും കേരളം തിരിച്ചടക്കേണ്ട വായ്പയായി മാത്രമേ നല്‍കുകയുള്ളൂവെന്നുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇപ്പോള്‍ പറയുന്നത്. വി ജി എഫ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിനയച്ച കത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രം ഇപ്പോള്‍ നല്‍കുന്ന 817 കോടി രൂപ മാത്രം തിരിച്ചടച്ചാല്‍ മതിയാകില്ല, ഭാവിയില്‍ തുറമുഖം ലാഭത്തിലെത്തുന്ന ഘട്ടത്തില്‍ ഈ തുകയുടെ അന്നത്തെ മൂല്യമെന്തായിരിക്കുമോ അത്രയും തുക തിരിച്ചടക്കേണ്ടി വരും. അഥവാ പദ്ധതിയില്‍ നിന്ന് ഭാവിയില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിക്കാനിരിക്കുന്ന 20 ശതമാനം വരുമാന വിഹിതത്തില്‍ തങ്ങള്‍ക്കും പങ്ക് വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതനുസരിച്ച് 10,000 മുതല്‍ 12,000 കോടി രൂപ വരെ കേരളം തിരിച്ചടക്കേണ്ടി വരും. 7,700 കോടി ചെലവ് വരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ 4,600 കോടി രൂപ സംസ്ഥാന സര്‍ക്കാറാണ് മുടക്കുന്നത്. പുലിമുട്ട് നിര്‍മാണത്തിനുള്ള 1,350 കോടി രൂപയും ചരക്കുനീക്കത്തിന് റെയില്‍പാത നിര്‍മിക്കാനായി 1,200 കോടി രൂപയും സംസ്ഥാനം ചെലവിടണം. ഇതെല്ലാം കണക്കിലെടുത്താണ് 2034 മുതല്‍ അദാനി പോര്‍ട്ട് വരുമാനത്തിന്റെ 20 ശതമാനം കേരളത്തിന് നല്‍കുന്നത്. ഈ വരുമാനത്തില്‍ നിന്നാണ് പദ്ധതിക്കായി 817 കോടി രൂപ മാത്രം ചെലവിടുന്ന കേന്ദ്രം പങ്ക് ചോദിക്കുന്നത്. ചെറിയ മുതല്‍ മുടക്കില്‍ വന്‍ലാഭം കൊയ്യുന്ന ബ്ലേഡ് കമ്പനികളുടെ കഴുത്തറപ്പന്‍ നിലപാടല്ലേ ഇത്?

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്ന് ജി എസ് ടി ഇനത്തില്‍ വന്‍തുകയാണ് കേന്ദ്രത്തിന് ലഭിക്കാനിരിക്കുന്നത്. ഇപ്പോഴത്തെ ട്രയല്‍റണ്‍ ഘട്ടത്തില്‍ ഇതിനകം തുറമുഖത്ത് വന്നുപോയ 70ഓളം കപ്പലുകളില്‍ നിന്നായി 50 കോടിയോളം രൂപ ജി എസ് ടി ഇനത്തില്‍ കേന്ദ്രത്തിനു ലഭിച്ചു കഴിഞ്ഞതായാണ് കണക്ക്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഒരു വര്‍ഷത്തിനകം തന്നെ കേന്ദ്രം മുടക്കുന്ന 887 കോടി രൂപ ജി എസ് ടിയിലൂടെ തിരികെ ലഭ്യമാകും. എന്നിട്ടും കേന്ദ്രത്തിന്റെ വി ജി എഫ് വിഹിതം കേരളം തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി പറയുന്നത് പോലെ കേരളത്തോടുള്ള പകപോക്കലായി കാണേണ്ടി വരും.

രാജ്യത്ത് മറ്റൊരു തുറമുഖത്തിന്റെ കാര്യത്തിലും വി ജി എഫ് തുക തിരിച്ചു ചോദിച്ചിട്ടില്ല കേന്ദ്രം. തമിഴ്നാട്ടിലെ തൂത്തുക്കുടി ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്ക് വി ജി എഫ് വിഹിതമായി കേന്ദ്രം 1,411 കോടി രൂപ അനുവദിച്ചത് തിരിച്ചടക്കേണ്ടതില്ലെന്ന വ്യവസ്ഥയിലായിരുന്നു. ഇതേ പരിഗണന കേരളത്തിന് ലഭിക്കേണ്ടതാണെങ്കിലും വിഴിഞ്ഞവും തൂത്തുക്കുടിയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും തൂത്തുക്കുടി ഹാര്‍ബര്‍ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ വി ഒ ചിദംബരം പോര്‍ട്ട് അതോറിറ്റിയുടേത് ആയതു കൊണ്ടാണ് തിരിച്ചടവ് ബാധകമാക്കാത്തതെന്നുമായിരുന്നു, കേരളത്തോടുള്ള വിവേചനത്തിന് കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രാജ്യസഭയില്‍ പറഞ്ഞ മുടന്തന്‍ ന്യായം.

വയനാട് ദുരന്തത്തില്‍ ധനസഹായം നല്‍കുന്നതിലും കേന്ദ്ര വിവേചനം തുടരുകയാണ്. ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിലും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിലും കേന്ദ്രം കേരളത്തോടൊപ്പമുണ്ടാകുമെന്നായിരുന്നു ഉരുല്‍പൊട്ടല്‍ നടന്ന മുണ്ടക്കൈയിലും ചൂരല്‍മലയിലും നടത്തിയ സന്ദര്‍ശനാനന്തരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചത്. എന്നാല്‍ മൂന്നര മാസം പിന്നിട്ടിട്ടും ഇതുവരെയും കേന്ദ്ര സഹായം അനുവദിച്ചില്ല. മാത്രമല്ല, ഉരുള്‍പൊട്ടല്‍ വേളയില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സൈന്യം ദുരിതബാധിതരെ ദുരന്ത മേഖലകളില്‍ നിന്ന് സുരക്ഷിത മേഖലകളില്‍ എത്തിച്ചതിന് എയര്‍ലിഫ്റ്റ് തുകയായി 132.62 കോടി കേരളത്തോട് ആവശ്യപ്പെട്ടിരിക്കുകയുമാണ് കേന്ദ്രം. രാജ്യത്തെ സ്വന്തം ജനതയോടാണ് ഈ കണ്ണില്‍ ചോരയില്ലാത്ത നിലപാട്.

വയനാട് ദുരന്തത്തിന്റെ കാര്യത്തില്‍ മാത്രമല്ല, 2018ലെ വന്‍പ്രളയം, ഓഖി ദുരന്തം തുടങ്ങി സംസ്ഥാനത്ത് നേരത്തേ നടന്ന മറ്റു ദുരന്തങ്ങളിലും കേരളത്തോട് വിവേചന പരമായ സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ പന്ത്രണ്ട് ദുരന്തങ്ങളില്‍ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചത് 3,146 കോടി രൂപ മാത്രം. അതേസമയം ബി ജെ പി ഭരണത്തിലുള്ളതും എന്‍ ഡി എയിലെ ഘടക കക്ഷികളുടെ നിയന്ത്രണത്തിലുള്ളതുമായ സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്യുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ ഡി എം കെ പ്രതിനിധി കനിമൊഴി ചൂണ്ടിക്കാട്ടിയപ്പോള്‍, കേരള എം പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി കൈമലര്‍ത്തിക്കാണിച്ച് കേരളത്തെയും തമിഴ്നാടിനെയുമെല്ലാം പരിഹസിക്കുകയാണുണ്ടായത്. കേരളത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ചോദിച്ചു വാങ്ങിത്തരേണ്ട സുരേഷ് ഗോപിയില്‍ നിന്നുണ്ടായ ഈ സമീപനം അത്യന്തം ഖേദകരമായിപ്പോയി. അദ്ദേഹത്തെ വോട്ട് ചെയ്തു വിജയിപ്പിച്ച തൃശൂരിലെ വോട്ടര്‍മാര്‍ തങ്ങള്‍ക്ക് സംഭവിച്ച അബദ്ധമോര്‍ത്ത് കൈകടിക്കുന്നുണ്ടാകണം.

---- facebook comment plugin here -----

Latest