National
എഎപി പ്രചാരണ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍
പ്രചാരണ ഗാനത്തിനെതിരെ ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നു.
ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനത്തില്‍ മാറ്റംവരുത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രചാരണ ഗാനത്തിനെതിരെ ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നു.
രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ‘ജയില്‍ കാ ജവാബ് വോട്ട് സേ’ (ജയിലിനുള്ള മറുപടി വോട്ടിലൂടെ) എന്ന പ്രചാരണ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് എഎപി എംഎല്‍എ ദിലീപ് പാണ്ഡെയാണ്. വ്യാഴാഴ്ചയാണ് ഗാനം പുറത്തുവിട്ടത്. നിയമങ്ങളുടെ ലംഘനമാണ് ഗാനത്തിന്റെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗാനത്തില്‍ മാറ്റംവരുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു പാര്‍ട്ടിയുടെ പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി ആരോപിച്ചു. ഗാനം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ല. അതില്‍ വസ്തുതാപരമായ വീഡിയോകളും സംഭവങ്ങളും മാത്രമാണുള്ളത്. ബിജെപി നടത്തുന്ന തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളില്‍ കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്നും എഎപി ആരോപിച്ചു.