Kerala
കേന്ദ്ര വന നിയമങ്ങള്‍ കര്‍ഷകന് ദുരിതമാകുന്നു; പത്തനംതിട്ട ജില്ലയില്‍ സിപിഎം പ്രക്ഷോഭത്തിലേക്ക്
കര്‍ഷകര്‍ക്ക് അനുകൂലമായ പല ഉത്തരവുകള്‍ ഇറങ്ങിയിട്ടും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കാട്ടുന്ന പിടിവാശി ദുരൂഹമാണ്. ഇക്കാര്യത്തില്‍ ഭരണകൂടം നിസംഗത പുലര്‍ത്തുന്നുവെങ്കില്‍ അതു വെടിയണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.
പത്തനംതിട്ട | വനനിയമങ്ങളുടെ പേരില്‍ മലയോര കര്‍ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ പീഡനങ്ങള്‍ക്കും വന്യജീവി ആക്രമണങ്ങള്‍ക്കുമെതിരേ പത്തനംതിട്ട ജില്ലയില്‍ സി പി എം പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ ചിറ്റാര്‍ ടൗണില്‍ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് പെരുനാട് ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലയോരജനതയുടെ ജീവല്‍ പ്രശ്നങ്ങള്‍ ഏറ്റവും ദുരിതപൂര്‍ണമായിരിക്കുകയാണ്. കര്‍ഷകര്‍ക്ക് അനുകൂലമായ പല ഉത്തരവുകള്‍ ഇറങ്ങിയിട്ടും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കാട്ടുന്ന പിടിവാശി ദുരൂഹമാണ്. ഇക്കാര്യത്തില്‍ ഭരണകൂടം നിസംഗത പുലര്‍ത്തുന്നുവെങ്കില്‍ അതു വെടിയണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. വന്യമൃഗ ശല്യവും പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ കഴിയാത്തതും കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തതുമാണ് നിലവില്‍ പ്രധാന വിഷയങ്ങളായി പാര്‍ട്ടി എടുത്തുകാട്ടുന്നത്. കൂട്ടത്തോടെ കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ കര്‍ഷകന്റെ വിളകള്‍ നശിപ്പിക്കുന്നതും ജീവനും ഭീഷണിയായി മാറുകയുമാണ്.
ആനയും കടുവയും പുലിയും കാട്ടുപന്നിയും ഉള്‍പ്പെടെ നാട്ടിലേക്ക് ഇറങ്ങി മനുഷ്യ ജീവനും കൃഷിക്കും വെല്ലുവിളി ഉയര്‍ത്തുന്നു.മലയോര മേഖലയില്‍ പലയിടങ്ങളിലും ആളുകള്‍ വീടൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയുടെ ഗണത്തില്‍പെടുത്തി നശിപ്പിക്കാന്‍ കര്‍ഷകന് അനുമതി നല്‍കണം. ഈ ആവശ്യമുന്നയിച്ച് സംസ്ഥാനം നല്‍കിയ അപേക്ഷകളെല്ലാം കേന്ദ്രം നിരസിക്കുകയായിരുന്നു. കൃഷിയിടത്തില്‍ ശല്യക്കാരായി മാറുന്ന കാട്ടുപന്നിയെ ഏതുവിധേനയും നശിപ്പിക്കാന്‍ ഇനി കര്‍ഷകര്‍ നിര്‍ബന്ധിതരാകും.
വന്യമൃഗ ശല്യം ഇല്ലാതാക്കാന്‍ 620 കോടിരൂപയുടെ ഒരു ശാസ്ത്രീയ പദ്ധതി സംസ്ഥാനം തയാറാക്കി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചെങ്കിലും ഇതേവരെ അംഗീകാരം നല്കിയിട്ടില്ല. കര്‍ഷകര്‍ പട്ടയ ഭൂമിയില്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മുട്ടില്‍ മരംമുറിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകളാണ് വനം ഉദ്യോഗസ്ഥരുടേത്. ഇതോടെ കര്‍ഷക കുടുംബങ്ങള്‍ ദുരിതത്തിലായി. കേന്ദ്ര വന നിയമങ്ങളാണ് കര്‍ഷകന് ജീവിത ദുരിതം സമ്മാനിച്ചിരിക്കുന്നത്. ഈ നിയമങ്ങള്‍ കാരണം കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ആയരകണക്കിന് കുടുംബങ്ങളാണ് തണ്ണിത്തോട് തേക്കുതോട്, ചിറ്റാര്‍, സിതത്തേട്, ആങ്ങമൂഴി, വയ്യാറ്റുപുഴ, പെരുനാട്, പമ്പാവാലി തുടങ്ങിയ പ്രദേശങ്ങളിലുള്ളത്.
നാളെ വൈകീട്ട് മൂന്നിനു നടക്കുന്ന ജനകീയ കണ്‍വന്‍ഷന്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനംചെയ്യും. പെരുനാട് ഏരിയാ സെക്രട്ടറി എം എസ് രാജേന്ദ്രന്‍, സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.