Kerala
ആശമാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന; സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം ഇന്ന്
തിരുവനന്തപുരത്ത് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം| ആശ വര്‍ക്കര്‍മാരോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ സിഐടിയു ഇന്ന് ദേശവ്യാപക പ്രതിഷേധം നടത്തും. ആശ വര്‍ക്കേഴ്സ് ആന്റ് ഫെസിലിറ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ നേതതൃത്വത്തിലാണ് പ്രതിഷേധം. തിരുവനന്തപുരത്ത് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ആശമാരെയും ഫെസിലിറ്റേറ്റര്‍മാരെയും തൊഴിലാളികളായി അംഗീകരിക്കുക, ഇന്‍സെന്റീവ് അധിഷ്ഠിത വേതന ഘടനയ്ക്ക് പകരം പ്രതിമാസം 26,000 രൂപ മിനിമം വേതനം നല്‍കുക, കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ആരോഗ്യമിഷനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, കുടിശ്ശികയായ കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
പ്രതിഷേധപരിപാടികളില്‍ എല്ലാ ആശമാരും പങ്കെടുക്കണമെന്ന് എഡബ്ല്യുഎഫ്എഫ്ഐ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് പ്രവര്‍ത്തകര്‍ നിവേദനവും കൈമാറും. ആശാ പദ്ധതിയുടെ 20ാം വാര്‍ഷിക ദിവസമായ ഏപ്രില്‍ 12ന് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ ഭാവി പോരാട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സിഐടിയു അറിയിച്ചു.
അതേസമയം, ആശമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു. എം എ ബിന്ദു, കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഇന്ന് നാല്‍പതാം ദിവസവുമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.