National
വിമാന യാത്രാനിരക്ക് വര്‍ധനയില്‍ കേന്ദ്ര ഇടപെടല്‍ വരുന്നു
യാത്രാനിരക്ക് യഥേഷ്ടം വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
ന്യൂഡല്‍ഹി | വിമാനക്കമ്പനികള്‍ സ്വന്തം നിലക്ക് യാത്രാക്കൂലി വര്‍ധിപ്പിക്കുന്നതിന് നിയന്ത്രണം വരുന്നു. അടിക്കടിയുണ്ടാകുന്ന വിമാന യാത്രാനിരക്ക് വര്‍ധനവിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ ഏറെക്കാലമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ഇടപെടാന്‍ ആശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് യാത്രാനിരക്ക് യഥേഷ്ടം വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഇതിന്റെ ആദ്യ നടപടിയായി യാത്രാനിരക്കില്‍ മാറ്റം വരുത്തി 24 മണിക്കൂറിനുള്ളില്‍ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ നീക്കം ചെയ്യും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡുവാണ് രാജ്യസഭയില്‍ ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.
താങ്ങാനാകുന്ന യാത്രാനിരക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിമാന യാത്രാനിരക്കുളിലെ ക്രമക്കേടുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിമാനക്കമ്പനികള്‍ നിരക്കുകളില്‍ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളില്‍ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥയാണ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. വിമാന നിരക്കിലെ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ഇത്തരത്തിലുള്ള നീക്കത്തിന് സാധിക്കുമെന്നും നായിഡു പറഞ്ഞു. 2023നെ അപേക്ഷിച്ച് ഈ വര്‍ഷം വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞതായും ഉത്സവ സീസണുകളില്‍ വിവിധ റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായതായും സര്‍ക്കാര്‍ അറിയിച്ചു.