covid- 19
കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് കേന്ദ്ര സംഘത്തിന്റെ അഭിനന്ദനം; ഓണക്കാലത്ത് ശ്രദ്ധ വേണം
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്‌സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
തിരുവനന്തപുരം | കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രിയുൾപ്പെടെയുള്ള സംഘത്തിന്റെ അഭിനന്ദനം. കേരളത്തിന്റെ നെഗറ്റീവ് വാക്‌സിൻ വേസ്‌റ്റേജ് മാതൃകാപരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും എടുത്തു പറഞ്ഞിരുന്നു. കേരളത്തിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ കൊവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്‌സിൻ വിതരണത്തിലും ദേശീയ ശരാശരിയേക്കാൾ കേരളം മുന്നിലാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്കായി പത്തു ലക്ഷം വാക്‌സിൻ വാങ്ങി നൽകുകയുണ്ടായി. ഈ മാതൃക പരിഗണിക്കാവുന്നതാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിപ്രായപ്പെട്ടു.
കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയോടു അഭ്യർഥിച്ചു. കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി മറുപടി നൽകി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്‌സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചതും കേന്ദ്രമന്ത്രി അത് അംഗീകരിച്ചതും.
തിരുവനന്തപുരം തോന്നയ്ക്കലുള്ള ബയോ പാർക്കിൽ വാക്‌സിൻ ഉത്പാദന കേന്ദ്രം ആരംഭിക്കുന്നതിന്റെ സാധ്യതകൾ കേരളം മുന്നോട്ടു വച്ചു. കൊവിഡ് വാക്‌സിൻ മാത്രമല്ല, മറ്റു വാക്‌സിനുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റ് ആരംഭിക്കുന്നതിന്റെ മെച്ചം കേന്ദ്രമന്ത്രി വിശദീകരിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ തുടർന്ന് ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസ് അനുവദിക്കുന്നതും കേരളം യോഗത്തിൽ ഉന്നയിച്ചു.
കൊവിഡ് ബാധിതർക്ക് വീടുകളിൽ തന്നെ ക്വാറന്റീൻ സൗകര്യം ഒരുക്കിയ കേരളത്തിന്റെ സംവിധാനം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ചികിത്‌സയും ശ്രദ്ധയും വേണ്ടവരെ ഫ്രണ്ട് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. ആശുപത്രികൾ നേരിടേണ്ടി വന്നേക്കുമായിരുന്ന അധിക സമ്മർദം ഇതിലൂടെ ഒഴിവാക്കാൻ കഴിഞ്ഞു. വീടുകളിൽ കഴിയുന്നവരെ തദ്ദേശതലത്തിലുള്ള പ്രത്യേക ടീമുകൾ കൃത്യമായി നിരീക്ഷിക്കുകയും അവരുടെ ആവശ്യങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ടെലിമെഡിസിൻ സംവിധാനവും ഒരുക്കി.
കേരളത്തിൽ ഇപ്പോഴും 56 ശതമാനം പേർക്ക് രോഗം ബാധിച്ചിട്ടില്ല. അതിനാൽ തന്നെ കൂടുതൽ പേർക്ക് രോഗം വരുന്നതിന് സാധ്യതയുണ്ട്. പത്തു ലക്ഷം അതിഥി തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും വാക്‌സിനേഷൻ നൽകുകയാണ് ഏക പോംവഴിയെന്നും ഇതിനാലാണ് കൂടുതൽ വാക്‌സിൻ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ശരാശരി ഒന്നര ലക്ഷം പേരെ ഒരു ദിവസം കൊവിഡ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. ഓരോ പ്രദേശത്തിന്റേയും പ്രത്യേകതയും ആവശ്യവും അനുസരിച്ചുള്ള പ്രതിരോധ നടപടികളാണ് കേരളം സ്വീകരിച്ചത്. തദ്ദേശസ്ഥാപന തലത്തിലെ ലോക്ക്ഡൗൺ ഇളവുകൾക്ക് ആഗസ്റ്റ് നാലു മുതൽ വീക്ക്‌ലി ഇൻഫെക്റ്റഡ് പോപ്പുലേഷൻ റേഷ്യോ സംവിധാനമാണ് കേരളം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളം കൊവിഡ് പ്രതിരോധത്തിന് വികേന്ദ്രീകൃത സംവിധാനമാണ് ഏർപ്പെടുത്തിയത്. തദ്ദേശതിരഞ്ഞെടുപ്പ് നടന്ന ഡിസംബറിലും അതിനു ശേഷവും കൊവിഡ് എണ്ണത്തിൽ വർധനയുണ്ടാകാതെ നിയന്ത്രിക്കാനായി. പത്ത്, 12 ക്‌ളാസുകളിലെ പരീക്ഷ മികച്ച രീതിയിൽ ഈ കാലയളവിൽ നടത്താനായി. ആരോഗ്യം, പോലീസ്, റവന്യു, തദ്ദേശസ്വയംഭരണം ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചതിലൂടെയാണ് കേരളത്തിന് കൊവിഡിനെ നിയന്ത്രിക്കാനായത്. ഇതിനൊപ്പം ജനപ്രതിനിധികളുടെയും വോളണ്ടിയർമാരുടെയും സഹകരണവുമുണ്ടായി. ജനങ്ങളുടെ സഹകരണത്തോടെ കൊവിഡ് പ്രോട്ടോക്കോൾ കേരളത്തിന് മികച്ച രീതിയിൽ പാലിക്കാനായി. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച ഫലം ലഭിക്കുകയും കൊവിഡിന്റെ പകർച്ച തടയാനും കഴിഞ്ഞു. കേരളം ലോക്ക്ഡൗൺ നടപ്പാക്കിയ രീതിയെ നീതി ആയോഗിന്റേയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പ്രസിദ്ധീകരണങ്ങൾ അഭിനന്ദിക്കുകയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാറുകൾക്ക് ആവശ്യമായ സഹായം നൽകുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ കേരള സന്ദർശനവും അതിന്റെ ഭാഗമാണ്. ഇത്തരം സന്ദർശനങ്ങളിലൂടെ സംസ്ഥാനം സ്വീകരിച്ച പ്രതിരോധത്തിന്റെ പുതിയ അറിവുകൾ കേന്ദ്രത്തിന് ലഭിക്കുന്നു. കേന്ദ്രത്തിന്റെ അറിവുകൾ പങ്കുവയ്ക്കാനും കഴിയുന്നു. ഓക്‌സിജൻ ദൗർലഭ്യവും മരുന്നുകളുടെ ദൗർലഭ്യവും ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ആഗസ്റ്റിൽ 18 കോടി വാക്‌സിൻ ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. സെപ്റ്റംബറിൽ 20 കോടി ഡോസ് ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. കേന്ദ്രം സംസ്ഥാനങ്ങൾക്ക് പ്രഖ്യാപിച്ച കൊവിഡ് പാക്കേജിൽ കേരളത്തിന് അർഹമായത് ലഭ്യമാക്കുമെന്നും സംസ്ഥാനങ്ങളുടെ ഏത് ആവശ്യവും കേന്ദ്രം അനുഭാവപൂർവം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഓണക്കാലത്ത് കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. കേരളത്തിലെ ആരോഗ്യ പ്രവർത്തകരിൽ 90 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചു. ദേശീയതലത്തിൽ ഇത് 88 ശതമാനമാണ്. രണ്ടാം ഡോസ് വാക്‌സിൻ കേരളത്തിലെ 74 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് ലഭിച്ചു. ദേശീയ ശരാശരി 68 ശതമാനമാണ്. 18 വയസിന് മുകളിലുള്ള 58 ശതമാനം പേർക്ക് കേരളം ആദ്യ ഡോസ് വാക്‌സിൻ നൽകി. ദേശീയ ശരാശരി 44 ശതമാനമാണ്. ഈ വിഭാഗത്തിൽ 23 ശതമാനം പേർക്ക് കേരളം രണ്ടാം ഡോസ് നൽകിയപ്പോൾ ദേശീയ ശരാശരി 12 ശതമാനമാണ്. അറുപത് വയസിന് മുകളിലുള്ള 92 ശതമാനം പേർക്ക് കേരളം ആദ്യ ഡോസ് വാക്‌സിൻ നൽകി. ദേശീയ ശരാശരി 58 ശതമാനം. രണ്ടാം ഡോഡ് 52 ശതമാനം പേർക്കും നൽകി. 52 ശതമാനം സ്ത്രീകൾക്ക് കേരളം ആദ്യ ഡോസ് വാക്‌സിൻ നൽകി. ദേശീയ ശരാശരി 48 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു.