Connect with us

National

ഉരുള്‍പൊട്ടലില്‍ കേന്ദ്ര മുന്നറിയിപ്പ്: അമിത് ഷായുടെ പ്രസ്താവനക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

കേരളത്തിന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയത് സംബന്ധിച്ച് സഭയില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാണ് പരാതി.

Published

|

Last Updated

ന്യൂഡല്‍ഹി | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രാജ്യസഭയിലെ പരാമര്‍ശനത്തിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. സന്തോഷ് കുമാര്‍ എം പിയാണ് നോട്ടീസ് നല്‍കിയത്. കേരളത്തിന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയത് സംബന്ധിച്ച് സഭയില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. വിവാദ പ്രസ്താവനക്കെതിരെ ജയറാം രമേശ്, ദ്വിഗ് വിജയ് സിംഗ്, പ്രമോദ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഉരുള്‍പൊട്ടലുണ്ടാകും എന്ന മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരുന്നുവെന്ന അമിത് ഷായുടെ അവകാശവാദം തെറ്റാണെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയൊരു മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്ന് പല മാധ്യമങ്ങളും വസ്തുതകള്‍ നിരത്തി വ്യക്തമാക്കിയിട്ടുണ്ടെന്ന് നോട്ടീസില്‍ പറയുന്നു. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതില്‍ നടപടി വേണമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മൂന്ന് തവണ കേരളത്തിന് ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അമിത്ഷാ ഇരു സഭകളിലും വ്യക്തമാക്കിയത്. ജൂലൈ 26ന് 20 സെന്റിമീറ്ററിലധികം മഴ പെയ്യുമെന്നും ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കേന്ദ്ര മുന്നറിയിപ്പിലുണ്ടായിരുന്നുവെന്നും മണ്ണിടിച്ചില്‍ സാധ്യത കണ്ട് തന്റെ നിര്‍ദേശ പ്രകാരമാണ് ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘത്തെ മേഖലയിലേക്ക് അയച്ചതെന്നും അമിത് ഷാ പറഞ്ഞു. പ്രതികൂല സാഹചര്യ മുന്നറിയിപ്പു നല്‍കുന്നതില്‍ കേരളം എന്തു ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍, ഓറഞ്ച് ജാഗ്രതയാണ് ദുരന്തമേഖലയില്‍ കേന്ദ്രം പുറപ്പെടുവിച്ചിരുന്നതെന്നും ദുരന്തമുണ്ടായ ശേഷമാണ് ചുവന്ന ജാഗ്രത പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 

Latest