Connect with us

National

കുടിയേറ്റക്കാരെ വഹിക്കുന്ന യുഎസ് വിമാനങ്ങൾ അമൃത്സറിൽ ഇറക്കി കേന്ദ്രം പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്തുന്നു: മുഖ്യമന്ത്രി ഭഗവന്ത് മന്‍

ഇന്ത്യയില്‍ നിന്നുള്ള 119 അനധികൃത കുടിയേറ്റക്കാരെയും കൊണ്ട് രണ്ടാമത്തെ യു എസ് വിമാനം ഇന്ന് രാത്രി അമൃത്സറില്‍ ഇറങ്ങാനിരിക്കെയാണ് ഭഗവന്ത് മന്നിന്റെ പ്രതികരണം.

Published

|

Last Updated

ന്യൂഡല്‍ഹി | അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെയുമായി വരുന്ന രണ്ടാമത്തെ വിമാനവും അമൃത്സറില്‍ ഇറക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍. എന്ത് കൊണ്ടാണ് കേന്ദ്രം ഈ വിമാനങ്ങൾ ഇറക്കുവാൻ അമൃത്സര്‍ തിരഞ്ഞടുക്കുന്നതെന്ന് ചോദിച്ച അദ്ദേഹം ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നും ആരോപിച്ചു

ഇന്ത്യയില്‍ നിന്നുള്ള 119 അനധികൃത കുടിയേറ്റക്കാരെയും കൊണ്ട് രണ്ടാമത്തെ യു എസ് വിമാനം ഇന്ന് രാത്രി അമൃത്സറില്‍ ഇറങ്ങാനിരിക്കെയാണ് ഭഗവന്ത് മന്നിന്റെ പ്രതികരണം. പഞ്ചാബില്‍ നിന്നുള്ള 67 പേരും, ഹരിയാനയില്‍ നിന്നുള്ള 33 പേരും, ഗുജറാത്തില്‍ നിന്നുള്ള 8 പേരും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള 3 പേരും ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 2 വീതം ആളുകളും ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ എന്നിവിടങ്ങളല്‍ നിന്നും ഓരേ ആളുകള്‍ വീതവുമാണ് ഈ സംഘത്തിലുള്ളത്.

ബി ജെ പിയുടെ നേത്രൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എപ്പോഴും പഞ്ചാബിന് എതിരാണെന്നും അതിനുള്ള അവസരങ്ങള്‍ ഒരിക്കലും കേന്ദ്രം പാഴാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഭഗവന്ത് മന്നിന്റെ ആരോപണങ്ങളെ ബിജെപി തള്ളി. പഞ്ചാബ് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം പറയുന്നത് നിര്‍ത്തണമെന്നും എ എ പി നേതാക്കള്‍ക്ക് രാജ്യ സുരക്ഷയേക്കാള്‍ പ്രധാനം രാഷ്ട്രീയമാണെന്നും ബി ജെ പി എം പി പ്രവീന്‍ സിങ്ങ് ആരോപിച്ചു.

യു എസില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങള്‍ക്ക് ഏറ്റവും അടുത്ത അന്താരാഷ്ട്ര വിമാനത്താവളം അമൃത്സര്‍ ആണെന്നും അത്‌കൊണ്ടാണ അനധികൃത കുടിയേറ്റക്കാരെയും കൊണ്ടുള്ള വിമാനം അമൃത്സറില്‍ ഇറങ്ങുന്നതെന്നും, ഭഗവന്ത് സിങ്ങ് അറിയാത്ത കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തി പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ബി ജെ പി ദേശീയ വക്താവ് ആര്‍പി സിങ്ങ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

ഫെബ്രുവരി 5 നു ആദ്യവിമാനത്തിൽ തിരിച്ചെത്തിയ ആളുകളെ കയ്യില്‍ വിലങ്ങിട്ട് നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനും ട്രംപുമായുള്ള കൂടികാഴ്ചയ്ക്കും തൊട്ടുപിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെയും കൊണ്ടുള്ള രണ്ടാം വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്.

Latest