National
കേന്ദ്രം ചര്‍ച്ചക്ക് തയ്യാറാകണം; നിരാഹാരമനുഷ്ഠിക്കുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണം: കര്‍ഷക സംഘടനകള്‍
കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ദല്ലേവാള്‍.
ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് സമരത്തിലുള്ള കര്‍ഷക സംഘടനകള്‍. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരത്തിലുള്ള കര്‍ഷകരുമായി ചര്‍ച്ച നടത്തി അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും 41 ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
മൂന്നാം മോദി സര്‍ക്കാരിന്റെ കാര്‍ഷിക വിപണനത്തിനുള്ള ദേശീയ നയ ചട്ടക്കൂട് കര്‍ഷക താത്പര്യങ്ങളെ ഹനിക്കുന്നതാണ്. ഇത് പിന്‍വലിക്കണം. ഇക്കാര്യമുന്നയിച്ച് ഹരിയാനയിലെ ഗ്രാമങ്ങളില്‍ നിന്നും കേന്ദ്ര കൃഷിമന്ത്രിക്ക് ജനുവരി 10 ന് മുമ്പായി കത്തയക്കാന്‍ കര്‍ഷക മഹാപഞ്ചായത്തില്‍ തീരുമാനമായി.
അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകരുടെ ശക്തി തെളിയിക്കുമെന്നും നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു.