Connect with us

തെളിയോളം

ഉറപ്പാണ് ശക്തിയുടെ ഉറവിടം

'എന്തെല്ലാം മറികടന്നു വേണം അത് നേടാൻ' എന്ന് വിചാരിക്കുന്ന നിമിഷം "എനിക്കത് വേണ്ട'' എന്ന് കൂടിയാണ് നിങ്ങൾ തീരുമാനിക്കുന്നത്.

Published

|

Last Updated

“സംശയങ്ങൾ നിങ്ങൾ ഭയപ്പെടുന്ന കാര്യത്തെ യാഥാർഥ്യമാക്കുന്നു’ എന്ന ഒരു മഹത് വചനമുണ്ട്. ഇതിന്റെ വിപരീതമാണ് നിഷ്കളങ്കമായ വിശ്വാസം. “എനിക്കൊരു വീട് വെക്കണം, കൈയിൽ ഒന്നുമില്ല, പടച്ചവനേ എനിക്കത് സാധിച്ചു തരണം’. സംശയലേശമന്യേ ഇങ്ങനെ ഒരാൾ പ്രാർഥിക്കുമ്പോൾ അത് അയാൾ വിചാരിച്ച സമയത്തിനുള്ളിൽ സംഭവിച്ചിരിക്കും. കറകളഞ്ഞ ദൈവ വിശ്വാസിയുടെ ശക്തി ഉറപ്പുള്ള മനസ്സാണെന്ന് പറയാം.

ആഗ്രഹിക്കുന്നത് നേടാനുള്ള ഊർജം ചിന്തയിൽ നാം സന്നിവേശിപ്പിക്കുന്ന സംശയമില്ലായ്മയാണ്. കൈയിൽ കാശില്ലാതെ എങ്ങനെ നടക്കാനാണ്, അടുത്ത കാലത്തൊന്നും എന്റെ പ്രയാസങ്ങൾ തീരാൻ പോകുന്നില്ല, പിന്നെങ്ങനെ വീട് വെക്കും! തുടങ്ങി നിഷേധാത്മകമായി പലതും ആലോചിക്കുന്ന ഒരാൾക്ക് ആഗ്രഹിക്കുക എന്നതിൽ നിന്ന് അൽപ്പം പോലും മുന്നോട്ടു പോകാനാകില്ല എന്ന് മൂന്നുതരം.

“പ്രകടമാകുന്ന ചിന്ത’ എന്ന ഒരു തത്വമുണ്ട്. ആഗ്രഹിക്കുന്ന കാര്യം മനസ്സിൽ പരിപൂർണ വ്യക്തതയോടെ നിറഞ്ഞുനിൽക്കുന്ന അവസ്ഥയാണിത്. “അതോ ഇതോ’ എന്ന തരത്തിൽ ശങ്കയും അവ്യക്തതയും കൂടുകെട്ടിയ മനസ്സ് നമ്മെ എല്ലാ ശ്രമങ്ങളിൽ നിന്നും പിൻവലിക്കുകയാണ് ചെയ്യുക. ചിന്തയിൽ നടക്കാതിരിക്കാനുള്ള സാധ്യതകൾ കണ്ടു കൊണ്ട് ഒന്നും സൃഷ്ടിക്കാനാകില്ല. സംശയിച്ചു കൊണ്ട് ഒരു ചുവടു പോലും മുന്നോട്ടു വെക്കാനുള്ള ധൈര്യവും നിങ്ങൾക്കുണ്ടാകില്ല. ‘എന്തെല്ലാം മറികടന്നു വേണം അത് നേടാൻ’ എന്ന് വിചാരിക്കുന്ന നിമിഷം “എനിക്കത് വേണ്ട’ എന്ന് കൂടിയാണ് നിങ്ങൾ തീരുമാനിക്കുന്നത്.

ചിന്തയുടെ ഒരു തലത്തിൽ നിങ്ങൾ എന്തെങ്കിലും വേണമെന്ന ആഗ്രഹം സൃഷ്ടിക്കുകയും മറ്റൊരു തലത്തിൽ അത് വേണ്ടെന്ന് പറയുകയും ചെയ്യുന്ന സംഘർഷ മാനസികാവസ്ഥയിൽ വിചാരിച്ച കാര്യം സംഭവിക്കുകയെന്നത് അസാധ്യമാണ്.സംശയത്തെ മാത്രമേ സംശയത്തോടെ കാണാവൂ എന്ന് പറയാറുണ്ട്. പിന്മാറാനുള്ള കാരണങ്ങളെ മനസ്സിൽ നിന്ന് തൂത്തെറിയാൻ ഏറ്റവും നല്ലത് “ലളിതമായ വിശ്വാസം’ തന്നെയാണ്. അസാധാരണമായ ശരീരവഴക്കവും മനക്കരുത്തും ഉള്ളവർ എന്ന് നാം കരുതുന്നവർക്ക് ഈ ഒറ്റ ഗുണം മാത്രമാണ് മികച്ചു നിൽക്കുന്നുണ്ടാവുക. പ്രാർഥന എന്നതിന്റെ തത്വശാസ്ത്രവും ഇതു തന്നെ. കിട്ടുകയില്ല എന്ന് ഉള്ളിൽ വിചാരിച്ചു കൊണ്ട് ചോദിക്കുന്നവർക്ക് അത്ഭുതം ഒന്നും സൃഷ്ടിക്കാനാകില്ല.

ആഗ്രഹിക്കുന്നത് നേടുക എന്നതിന്റെ ആദ്യപടി അത് ഏറ്റവും കൃത്യതയുള്ള വിധം മനസ്സിൽ പ്രകടിപ്പിക്കുക എന്നതാണ്. ആഗ്രഹിക്കുന്നതെന്ത് എന്നതിലെ കൃത്യത സ്ഥിരവും സുവ്യക്തവുമായ ഒരു ചിന്താപദ്ധതിയായി അത് നേടും വരെ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ നമ്മെ പ്രചോദിപ്പിക്കും.

മനസ്സ് ഏകാഗ്രമാകുന്ന സമയങ്ങളിൽ നാം പ്രകടിപ്പിക്കുന്ന ഊർജം അത്യത്ഭുതകരമായിരിക്കും. പോസിറ്റീവ് ചിന്തകൾ നിറഞ്ഞ ഏകാഗ്ര മനസ്സുകളാണ് ശാസ്ത്രലോകത്തും ആത്മീയ ലോകത്തുമുള്ള സകല വിസ്മയകരമായ കണ്ടെത്തലുകളും നടത്തിയത്. സാധാരണ മനുഷ്യർ എകാഗ്രചിന്തയിൽ പ്രകടമാകുന്ന ശക്തി നെഗറ്റീവ് കാര്യങ്ങളിലാണ് കൂടുതലും നിക്ഷേപിക്കാറുള്ളത്. കോപവും കാമവും ഉണ്ടാകുന്ന സന്ദർഭങ്ങൾ മനസ്സ് ഏറ്റവും ഏകാഗ്രമാകുന്ന സമയമാണ്. ആ സമയങ്ങൾ നമ്മെ സാധാരണയിൽ കവിഞ്ഞ അതിക്രമങ്ങളിലേക്ക് പ്രേരണ നൽകിയേക്കാം.

“കോപം വരുമ്പോൾ മിണ്ടാതിരിക്കണം’ എന്ന് പറയുന്നതിലെ കാര്യമിതാണ്. അത് നമ്മെ വിപരീതഫലങ്ങൾ ഉണ്ടാക്കിയേക്കാവുന്ന എടുത്തുചാട്ടങ്ങളിലേക്ക് നയിച്ചേക്കാം. നമ്മിൽ പ്രവർത്തിക്കുന്ന ചിന്ത ബോധപൂർവമുള്ളതാകുക എന്നതാണ് ഏകാഗ്ര മനസ്സിന്റെ അടയാളം. മോശം ഭക്ഷണം കഴിച്ചാൽ വയറിളക്കം വരുന്ന പോലെ ചിന്താ പ്രക്രിയ അബോധപൂർവമാകുന്നത് മാനസിക വയറിളക്കം ബാധിക്കാൻ കാരണമാകുന്നു. എഴുതിയതിനു മേൽ വീണ്ടും വീണ്ടും എഴുതിയ ബ്ലാക്ക്ബോർഡ് പോലെ ചിതറിയ ചിന്തകൾ നമ്മുടെ മാനസിക വ്യക്തത നശിപ്പിക്കും.
ചിന്തയെ ഏകാഗ്രമാക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന സുപ്രധാന ഘടകം നിലവിൽ നിങ്ങൾ അനുഭവിക്കുന്ന സ്വസ്ഥത കൂടിയായിരിക്കുമെന്നോർക്കുക.

ഒരിടത്ത് സുഖമായിരിക്കുകയാണെങ്കിൽ, എഴുന്നേറ്റ് ആ സ്ഥലം വിടാൻ വളരെ ബുദ്ധിമുട്ടാണ്. അത് മനുഷ്യപ്രകൃതിയാണ്. നിങ്ങളുടെ നിലവിലെ അവസ്ഥയിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാകണം.എങ്കിൽ നിങ്ങളുടെ സാധ്യതകളിലേക്ക് കുതിക്കാനുള്ള നിശ്ചയദാർഢ്യത്തോടെയുള്ള ചിന്താ പ്രക്രിയയിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാനാകും.

Latest