Uae
യു എ ഇയിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആറ് ദിവസത്തിൽ നിന്ന് മൂന്ന് മിനിറ്റായി കുറയും
ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ് ഇഷ്യു സേവനത്തിന് അപേക്ഷിക്കുമ്പോൾ നേരിട്ട് സർട്ടിഫിക്കറ്റ് ഇഷ്യു പ്രക്രിയയിൽ മോഫ അറ്റസ്റ്റേഷൻ തിരഞ്ഞെടുക്കാം.

അബൂദബി| രാജ്യത്ത് രേഖകളുടെ സാക്ഷ്യപ്പെടുത്തൽ കാത്തിരിപ്പ് സമയം കുറക്കുന്നതിനും അറ്റസ്റ്റേഷൻ സേവനങ്ങൾ അംഗീകരിക്കുന്നതിനുമായി രണ്ട് യു എ ഇ സർക്കാർ മന്ത്രാലയങ്ങൾ പങ്കാളിത്തം സ്ഥാപിച്ചു. ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവുമാണ് ഇലക്ട്രോണിക് സംയോജനം സാധ്യമാക്കിയത്. സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമായാണ് നീക്കം.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഡോക്യുമെന്റ്അറ്റസ്റ്റേഷൻ സേവനത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ് ഇഷ്യു സേവനവുമായി ബന്ധിപ്പിക്കുന്നതോടെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ മൂന്ന് സർക്കാർ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഒരൊറ്റ നടപടിക്രമത്തിലൂടെ, ലക്ഷ്യസ്ഥാന രാജ്യത്തെ യു എ ഇ എംബസി എന്നിവയിൽ നിന്ന് ഡിജിറ്റൽ അറ്റസ്റ്റേഷൻ നേടാൻ പ്രാപ്തമാക്കുന്നു. യു എ ഇയിൽ മൂന്ന് ദിവസവും വിദേശത്ത് മൂന്ന് ദിവസവും ആയിരുന്ന പ്രോസസ്സിംഗ് സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ സേവനം വെറും മൂന്ന് മിനിറ്റായി ഇത് കുറക്കും. കൂടാതെ, ഡെലിവറി ഫീസും ഒഴിവാക്കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ് ഇഷ്യു സേവനത്തിന് അപേക്ഷിക്കുമ്പോൾ നേരിട്ട് സർട്ടിഫിക്കറ്റ് ഇഷ്യു പ്രക്രിയയിൽ മോഫ അറ്റസ്റ്റേഷൻ തിരഞ്ഞെടുക്കാം. ആപ്പിലും വെബ്‌സൈറ്റിലും സർട്ടിഫിക്കറ്റ്, അറ്റസ്റ്റേഷൻ അഭ്യർഥനകൾ സമർപ്പിക്കൽ, ഫീസ് അടക്കൽ എന്നിവ നടത്താനാവും. സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് അനുസൃതമായി സംയോജിത സർക്കാർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മേജർ ജനറൽ ഖലീഫ ഹാരിബ് അൽ ഖൈലിയും മോഫ അണ്ടർസെക്രട്ടറി ഉമർ ഉബൈദ് ഹസ്സൻ അൽ ശംസിയും പറഞ്ഞു.