suresh gopi
സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി; നടന്‍ സുരേഷ് ഗോപിക്ക് അതൃപ്തി
രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി ഒതുക്കാനുള്ള നീക്കമെന്നു സൂചന
തിരുവനന്തപുരം | സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കിയതില്‍ നടന്‍ സുരേഷ് ഗോപിക്ക് അതൃപ്തിയെന്നു സൂചന. തന്നെ സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറ്റി നിര്‍ത്താനുള്ള നീക്കം പുതിയ പദവി നല്‍കിയതിനു പിന്നില്‍ ഉണ്ടോ എന്നാണ് അദ്ദേഹം ആശങ്കപ്പെടുന്നത്.
കേന്ദ്രമന്ത്രി പദവിയില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കാത്ത തന്നെ ഒരു അക്കാഡമി അധ്യക്ഷനാക്കി ഒതുക്കാനുള്ള നീക്കത്തിനു വഴങ്ങേണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പു തൃശൂര്‍ മണ്ഡലം ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങള്‍ ശക്ത മാക്കുന്നതി നിനിടെയാണു മുന്നറിയിപ്പൊന്നുമില്ലാതെ പുതിയ പദവിയിലേക്ക് അദ്ദേഹത്തെ നിര്‍ദ്ദേശിക്കുന്നത്.
എം പി സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കുമെന്ന സൂചന വന്നപ്പോഴും അദ്ദേഹം ആ പദവി വേണ്ടെന്നു പറഞ്ഞ് ഒഴിയുകയായിരുന്നു. കേരളത്തില്‍ നിന്നു ബി ജെ പിക്കു മറ്റൊരു കേന്ദ്രമന്ത്രി ഉണ്ടെങ്കില്‍ അതു താന്‍ തന്നെ എന്ന നിലയിലാണു സുരേഷ് ഗോപി കരുക്കള്‍ നീക്കുന്നത്. കേരളത്തിലെ നേതാക്കളെ മറികടന്നുകൊണ്ടുള്ള നീക്കമാണ് ഇതുവരെ സുരേഷ് ഗോപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ അസംതൃപ്തരായ കേരള നേതാക്കള്‍ ഒരുക്കിയ പാരയാണോ പുതിയ പദവി എന്നു സുരേഷ് ഗോപി സംശയിക്കുന്നു.
മുന്നറിയിപ്പ് നല്‍കാതെയാണ് അധ്യക്ഷനാക്കിയതെന്നു പറഞ്ഞു തല്‍ക്കാലം ചുമതല ഏറ്റെടുക്കാതിരിക്കാനാണു സുരേഷ് ഗോപിയുടെ നീക്കം. ഗാന്ധി ജയന്തി ദിനത്തില്‍ കരുവന്നൂരില്‍ പദയാത്ര നടത്തി ലോകസഭാ തിരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങാനിരിക്കുക യായിരന്നു അദ്ദേഹം. അധ്യക്ഷ പദവിയില്‍ ഇരുന്നു സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം കേന്ദ്ര നേതാക്കളെ അറിയിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്.
മൂന്നുവര്‍ഷത്തേക്കു നിയമനം നല്‍കിക്കൊണ്ടു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ തമിഴ് നടന്‍ ആര്‍ മാധവനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി കേന്ദ്രസര്‍ക്കാര്‍ നിയ മിച്ചിരുന്നു. രാഷ്ട്രീയത്തില്‍ നിന്നു നീക്കി സാംസ്‌കാരിക രംഗത്തു പ്രതിഷ്ഠിക്കാനുള്ള നീക്കം സുരേഷ് ഗോപിയെ അസ്വസ്ഥനാക്കിയിരിക്കുകയാണെന്നാണു വിവരം.